രു സൂപ്പര്‍ ഹിറ്റ് ചിത്രം പോലെയായിരുന്നു  കൊച്ചിയില്‍ നടന്ന ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനം. സിനിമയില്‍ ഡയലോഗ് പറഞ്ഞ് കൈയടി നേടുന്ന നായകന്‍മാരെയല്ല, യഥാര്‍ത്ഥ ജീവിത്തില്‍ അവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന നായികമാരെയാണ് കൊച്ചിയിലെ പ്രസ് ക്ലബ്ബ് കണ്ടത്. മാസ് എന്‍ട്രി, കാച്ചിക്കുറുക്കിയ ഡയലോഗുകള്‍, ഓരോ വാക്കിലും നോക്കിലുമുള്ള നിശ്ചയദാര്‍ണ്ഡ്യം, ചോദ്യശരങ്ങള്‍ക്കുള്ള മാസ്സ് മറുപടി,  ഇനി നിശബ്ദതയില്ല യുദ്ധമെന്ന് പ്രഖ്യാപിച്ചുള്ള ക്ലൈമാക്‌സ്. മലയാള സിനിമയിലെ മാറ്റത്തിന്റെ ഈ തുടക്കത്തെ, ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഈ വാര്‍ത്തസമ്മേളനത്തെ കൈയടിച്ച് സ്വീകരിക്കാന്‍ ഈ ചേരുവകള്‍ തന്നെ ധാരാളമായിരുന്നു. 

ഡബ്ല്യു.സി.സി അംഗങ്ങള്‍ പ്രസ് ക്ലബ്ബില്‍ എത്തിയപ്പോള്‍ തന്നെ ഒരു പോരാട്ടത്തിനുള്ള തയ്യാറെടുപ്പാണെന്ന് വ്യക്തമായിരുന്നു. പാര്‍വതിയും റിമയും രേവതിയും പദ്മ പ്രിയയുമെല്ലാം കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധത്തിന്റെ ആദ്യ സൂചന നല്‍കി. ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി വാര്‍ത്തസമ്മേളനം തുടങ്ങി. നടിയെന്ന നിലയില്‍ തന്നെ ഓരോരുത്തരേയും അഭിസംബോധന ചെയ്യണമെന്നത് തങ്ങളുടെ അവകാശമാണെന്ന രീതിയിലായിരുന്നു ആ പരിചയപ്പെടുത്തല്‍. അതിന്റെ തുടര്‍ച്ചയെന്നോണം രേവതിയുടെ ആദ്യ മാസ്സ് ഡയലോഗെത്തി. 'കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന് പേരുകളുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ച് അഭിസംബോധന ചെയ്തില്ല?' സ്വത്വത്തെ അപമാനിച്ചതിന്റേയും അവഗണിച്ചതിന്റേയും പ്രതിഷേധം ആ വാക്കുകളിലുണ്ടായിരുന്നു.് 

പിന്നീടങ്ങോട്ട് ഓരോ സീനുകളും എല്ലാവരും ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് വായിച്ചാണ് പാര്‍വതി തുടങ്ങിയത്. ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന് വിളിച്ച് നടിയെ ബാബുരാജ് അധിക്ഷേപിച്ചതിലുള്ള രോഷം പാര്‍വതി മറച്ചുവെച്ചില്ല. എ.എം.എം.എ സന്തുഷ്ട കുടുംബമല്ലെന്നും ആ മുഖംമൂടി വലിച്ചുകീറുമെന്നും യുദ്ധപ്രഖ്യാപനം പോലെ പാര്‍വതി ആവര്‍ത്തിച്ചു പറഞ്ഞു. അതിനുള്ള വഴി ആക്രമിക്കപ്പെട്ട നടി തന്റെ ധീരതയിലൂടെ കാണിച്ചുതന്നിട്ടുണ്ടെന്നും പാര്‍വതി ഓര്‍മിപ്പിച്ചു.

wcc
ഫോട്ടോ: ശിഹാബുദ്ദീന്‍ തങ്ങള്‍

അമ്മ പ്രസിഡന്റെന്ന നിലയിലുള്ള മോഹന്‍ലാലിന്റെ നിലപാട് ചോദ്യം ചെയ്തായിരുന്നു പത്മപ്രിയയുടെ എന്‍ട്രി. നടിയെ തിരിച്ചെടുക്കണമെന്ന് ആവശ്യമുന്നിയിച്ചപ്പോള്‍ അവള്‍ അപേക്ഷിച്ചാല്‍ എക്‌സിക്യൂട്ടീവ് പരിഗണിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇങ്ങനെ ഒരു ഔദാര്യം കാണിക്കുന്നതിലെ അമര്‍ഷം 'കാഴ്ച്ച'യിലെ നായികയുടെ വാക്കുകളിലുണ്ടായിരുന്നു. ഇതിനിടയില്‍ വികാരനിര്‍ഭരമായ നിമിഷങ്ങളിലൂടെയാണ് രേവതി കടന്നുപോയത്. പതിനേഴ് വയസ്സുള്ള ഒരു പെണ്‍കുട്ടി തന്റെ ഡോറില്‍ വന്ന് മുട്ടി രക്ഷിക്കണേ എന്നപേക്ഷിച്ച ഒരു സീന്‍ രേവതി ഓര്‍ത്തെടുത്തു. ഒന്നര വര്‍ഷം മുമ്പ് മാത്രം നടന്നൊരു സംഭവം. സ്ത്രീകള്‍ മലയാള സിനിമാ മേഖലയില്‍ നേരിടുന്ന പീഡനം ഇപ്പോഴും തുടരുകയാണെന്നതിന്റെ ഒരുദാഹരണം. 

റിമ കല്ലിങ്കലിന്റെ എന്‍ട്രിയായിരുന്നു വാര്‍ത്താസമ്മേളനത്തിന്റെ ട്വിസ്റ്റ്. ബോളിവുഡില്‍ മീ ടൂ ക്യാമ്പെയ്ന്‍ ശക്തമാകുമ്പോള്‍ കുറ്റാരോപിതനായ ദിലീപിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമയെ റിമ വലിച്ചുകീറി തേച്ചൊട്ടിച്ചു. ആമിര്‍ ഖാനും അക്ഷയ് കുമാറും മീ ടൂവില്‍ കുരുങ്ങിയവരുടെ സിനിമകളില്‍ നിന്ന് പിന്മാറുമ്പോള്‍, അനുരാഗ് കശ്യപ് ഫാന്റം ഫിലിംസ് പിരിച്ചുവിട്ടപ്പോള്‍ ബി. ഉണ്ണിക്കൃഷ്ണന്‍ ദിലീപിനെ വെച്ച് പുതിയ സിനിമ പ്രഖ്യാപിക്കുകയാണ് ചെയ്തത്. പിന്നീട് മോഹന്‍ലാലിനെതിരെയായിരുന്നു റിമയുടെ ഒളിയമ്പുകള്‍. നടി പരസ്യമായിട്ട് ആലോചിക്കാമെന്ന് പറഞ്ഞിട്ടും 'നോക്കാമെന്നായിരുന്നു' മോഹന്‍ലാലിന്റെ മറുപടി. മോഹന്‍ലാല്‍ പറയുന്നതു പോലെ അനുകരിക്കാനും റിമ ശ്രമിച്ചു. ഇതു കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.

wcc
ഫോട്ടോ: ശിഹാബുദ്ദീന്‍ തങ്ങള്‍

ക്ലൈമാക്‌സില്‍ പഞ്ച് ഡയലോഗ് അര്‍ച്ചനാ പദ്മിനിയുടേതായിരുന്നു. ചെറിയ സിനിമകളില്‍ വേഷമിട്ട നടി എന്ന് പരിചയപ്പെടുത്തിയ അര്‍ച്ചന, മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ നേരിട്ട ദുരനുഭവമാണ് പങ്കുവെച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്നും വളരെ മോശമായ അനുഭവമുണ്ടായി. ഫെഫ്കയില്‍ രണ്ടു തവണ പരാതി നല്‍കിയിട്ടും ബി.ഉണ്ണിക്കൃഷ്ണന്‍ ഒരു നടപടിയുമെടുത്തില്ല. ഒരു പ്രമുഖ നടിയ്ക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെ ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും. അര്‍ച്ചനയുടെ അവസാനത്തെ ഡയലോഗായിരുന്നു ഈ വാര്‍ത്താസമ്മേളനത്തിലെ സൂപ്പര്‍ ഹിറ്റിലെത്തിച്ചത്. എന്തുകൊണ്ട് വീണ്ടും ഫെഫ്കയെ സമീപിക്കാത്തതെന്നും പോലീസില്‍ പരാതി കൊടുക്കാത്തതെന്നുമായിരുന്നു ചോദ്യം. ഇതിന് തന്റെ പ്രതിഷേധം മുഴുവന്‍ വ്യക്തമാക്കി അര്‍ച്ചന പറഞ്ഞു. 'എനിക്ക് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഈ ഊളകളുടെ പിന്നാലെ നടക്കാന്‍ സമയമില്ല'.

Content Highlights: WCC Press Meet At Kochi Analysis AMMA Dileep Actress Molestation Case