കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.എം.എം.എ. എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചയ്‌ക്കെത്തിയ തങ്ങള്‍ക്കെതിരെ കുറ്റാരോപണങ്ങളുടെ പെരുമഴയായിരുന്നെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍. സംഘടനയില്‍ നിന്ന് രാജിവെക്കാതെ ചര്‍ച്ചയ്‌ക്കെത്തിയ നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ക്കാണ് ഈ അനുഭവമുണ്ടായത്. ഇന്ന് ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനത്തില്‍ ഇവര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാറിഞ്ഞപ്പോള്‍ രാജിക്കത്ത് തയ്യാറാക്കി വെച്ചാണ് താന്‍ എഎംഎംഎ സെക്രട്ടറി ഇടവേള ബാബുവിനെ വിളിച്ചതെന്ന് പാര്‍വതി പറഞ്ഞു. ഇങ്ങനെ ബഹളമുണ്ടാക്കുന്നതില്‍ വേദനയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അപ്പോഴത്തെ പ്രതികരണം. നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാമെന്നും ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും പറഞ്ഞത് വിശ്വസിച്ചാണ് എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചയ്‌ക്കെത്തിയതെന്നും പാര്‍വതി വ്യക്തമാക്കി.

'എക്‌സിക്യൂട്ടീവിന് എത്തിയപ്പോള്‍ മുമ്പ് യോഗങ്ങള്‍ക്ക് എത്താത്തതും മറ്റുമുള്ള വിഷയങ്ങള്‍ പറഞ്ഞ് ഞങ്ങളെ ആരോപണങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു. 40 മിനിറ്റോളം അവരോട് ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഒരവസരം തരണമെന്ന് കെഞ്ചേണ്ടിവന്നു.  എന്നാല്‍, അതിനുശേഷം ആക്രമണത്തിന് ഇരയായ നടിയുടെ ഒരു വോയ്‌സ് നോട്ട് (ശബ്ദ സന്ദേശം) കേള്‍പ്പിച്ചതോടെ അവരെല്ലാം പരിപൂര്‍ണ നിശബ്ദരായി!' -പാര്‍വതി കൂട്ടിച്ചേര്‍ത്തു. അതേസമയം, നടിയുടെ അനുവാദമില്ലാതെ ആ ശബ്ദ സന്ദേശം പുറത്തുവിടാനാവില്ലെന്ന് ഡബ്ല്യുസിസി അറിയിച്ചു.

വോയ്‌സ് നോട്ട് കേള്‍പ്പിച്ചതിനു ശേഷം ആദ്യം സംസാരിച്ചത് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലായിരുന്നെന്ന് പത്മപ്രിയ പറഞ്ഞു. താന്‍ വ്യക്തിപരമായി ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ തയാറാണെന്നും എന്നാല്‍ ജനറല്‍ ബോഡിയിലെടുത്ത തീരുമാനം തനിയ്ക്ക് തിരുത്താനാവില്ലെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ ശക്തമായ ആരോപണങ്ങളാണ് പത്രസമ്മേളനത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ ഉന്നയിച്ചത്. എഎംഎംഎ പത്രസമ്മേളനത്തില്‍ കത്തുനല്‍കിയവരെ നടിമാരെന്നാണ് പ്രസിഡന്റ് വിശേഷിപ്പിച്ചതെന്നും തങ്ങള്‍ മൂന്നു പേരുടെ പേരെടുത്ത് പറയാന്‍ പോലും മുതിര്‍ന്നില്ലെന്നും രേവതി ചൂണ്ടിക്കാട്ടി. ഇതുതന്നെ നിലപാടെന്തെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളോട് ഒന്നും പറയരുതെന്നാണ് എക്‌സിക്യൂട്ടീവുമായുള്ള ചര്‍ച്ചയിലും അതിനു ശേഷവും പറഞ്ഞിരുന്നത്. പത്ത് ദിവസത്തിനകം തീര്‍പ്പുണ്ടാക്കാമെന്നും സംയുക്ത പ്രസ്താവന നടത്താമെന്നും പറഞ്ഞിരുന്നു. അത് ഞങ്ങള്‍ വിശ്വസിച്ചു. എന്നാല്‍, അതെല്ലാം വെറുതെയായിരുന്നു. ഞങ്ങളുടെ പേരുപോലും പറയാതെ നടത്തിയ പത്രസമ്മേളനമായിരുന്നു അവരുടെ സംയുക്ത പ്രസ്താവന -രേവതി പറഞ്ഞു.

ബോളിവുഡില്‍ നടന്‍മാരും മറ്റു സംഘടനകളും ശക്തമായ നിലപാടുകളുമായി മുന്നോട്ടുവരുമ്പോള്‍, ഇവിടെ ഒരു പെണ്‍കുട്ടി പരസ്യമായി രംഗത്തുവന്നിട്ടും ഒരു നാടുമുഴുവന്‍ അവള്‍ക്കൊപ്പം നിന്നിട്ടും 'നമുക്ക് നോക്കാം' എന്ന അലസമായ നിലപാടാണ് എഎംഎംഎ പ്രസിഡന്റ് എടുക്കുന്നതെന്ന് സംഘടനയില്‍ നിന്നും രാജിവെച്ച നടി റിമ കല്ലിങ്കല്‍ പറഞ്ഞു.