ഗുസ്തിതാരങ്ങൾ നടത്തിവരുന്ന പ്രതിഷേധത്തിൽ നിന്ന് | ഫോട്ടോ: പി.ടി.ഐ
ജന്തർ മന്ദറിൽ പ്രതിഷേധം നടത്തുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി.). നീതിക്കുവേണ്ടിയുള്ള ഗുസ്തിതാരങ്ങളുടെ പോരാട്ടം നിർദയം അവഗണിക്കപ്പെടുകയാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ അവർ കുറ്റപ്പെടുത്തി. അവർ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നും ഡബ്ല്യു.സി.സി. കുറിച്ചു.
'ബേട്ടി ബചാവോ' എന്ന് എഴുതിവച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണെന്ന് ഡബ്ല്യു.സി.സി. പറഞ്ഞു. നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങൾ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായ അവകാശമുണ്ട്. അത് സജ്ജമാക്കാൻ, ഉത്തരവാദിത്വപ്പെട്ട പ്രവർത്തന സംവിധാനങ്ങളുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ, പിന്നീട് അവരുടെ ഏക ആശ്രയം ഔദ്യോഗികമായി പരാതി നൽകി തങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നുള്ളത് മാത്രമാണ്.
പരാതിക്കാരെ ചേർത്ത് നിർത്തുന്നതിനു പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. വളർന്ന് വരുന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു രാഷ്ട്രമെന്ന നിലയിൽ നാം നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം ഇതാണോ എന്ന് വിമെൻ ഇൻ സിനിമാ കളക്ടീവ് ചോദിക്കുന്നു.
ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന നമ്മുടെ പെണ്മക്കളെ, ഭാവി വനിതാ കായികതാരങ്ങളെ, അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുകയാണ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ കായികതാരങ്ങളുടെ ശബ്ദം വേണ്ടവിധത്തിൽ പരിഗണിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്വമുണ്ട്. അധികാരവും ഉത്തരവാദിത്വവും ഒരുമിച്ച് സഞ്ചരിക്കേണ്ടവയാണ്. അങ്ങേയറ്റം ദൗർഭാഗ്യകരമായ ഈ സാഹചര്യം സംവേദനക്ഷമതയോടും ബഹുമാനത്തോടും കൂടി അടിയന്തിരമായി പരിഹരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞമാസം 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു.
ബ്രിജ്ഭൂഷണ്‍ ലൈംഗികമായി അതിക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി ഏഴുതാരങ്ങൾ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിലെ വിശദാംശങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. പരിശീലന കേന്ദ്രങ്ങള്‍, വിവിധ അന്താരാഷ്ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉള്‍പ്പടെ എട്ടു സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു, ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
Content Highlights: wcc, wcc facebook post in support of wrestlers protest delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..