മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച്(അവസരങ്ങള്‍ നല്‍കാമെന്നു പറഞ്ഞുള്ള ലൈംഗികചൂഷണം) ഉള്‍പ്പെടെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നതായി സമര്‍പ്പിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു കൈയടിച്ച് ഡബ്ല്യൂസിസി. സഹപ്രവര്‍ത്തക തൊഴിലിടത്തില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡബ്ല്യു.സി.സി.യുടെ രൂപീകരണത്തിലേക്ക് നയിച്ച ഏറ്റവും പ്രധാന ആവശ്യത്തിന് കിട്ടിയ ഒരംഗീകാരമാണിതെന്നും സംഘടന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമാണ് ഇത്തരമൊരു പഠനകമ്മീഷന്‍ ഉണ്ടാകുന്നതെന്നും കുറിപ്പിലൂടെ അവര്‍ ചൂണ്ടിക്കാട്ടി.

ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

ഹേമ കമ്മീഷന്‍ ശുപാര്‍ശ
ഞങ്ങളുടെ പുതുവത്സര സമ്മാനം!
ഒരു നീണ്ട കാത്തിരുപ്പിന് വിരാമമായി.

മലയാള സിനിമ നേരിടുന്ന ലിംഗവിവേചനത്തെ കുറിച്ച് പഠിക്കാന്‍ നിയുക്തമായ ഹേമ കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാറിന് മുന്‍പാകെ എത്തിക്കഴിഞ്ഞു. ഞങ്ങള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 2017 ജൂലായ് മാസത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന് രൂപം നല്‍കിയത്. രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷന്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മലയാള സിനിമയിലെ അവ്യവസ്ഥകള്‍ പരിഹരിക്കാന്‍ ശക്തമായ നിയമ നിര്‍മ്മാണം തന്നെ വേണമെന്നാണ് ഏറ്റവും പ്രധാന ശുപാര്‍ശ. ഞങ്ങളുടെ സഹപ്രവര്‍ത്തക തൊഴിലിടത്തില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡബ്ല്യു.സി.സി.യുടെ രൂപീകരണത്തിലേക്ക് നയിച്ച ഏറ്റവും പ്രധാന ആവശ്യത്തിന് കിട്ടിയ ഒരംഗീകാരമാണ്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമാണ് ഇത്തരമൊരു പഠനകമ്മീഷന്‍ ഉണ്ടാകുന്നത്. ചരിത്രമാണിത്. സ്ത്രീ പോരാട്ടങ്ങളുടെ നാഴികക്കല്ലും വഴിത്തിരിവുമാണ്.

നാളിതുവരെയും നിയമാതീതമായ പ്രത്യേക അധികാര മേഖല പോലെ പ്രവര്‍ത്തിച്ചു പോരുന്ന മലയാള സിനിമയെ നിയമ വിധേയമാക്കാന്‍ കമ്മീഷന്‍ ശുപാര്‍ശകളിന്മേല്‍ ഇനി സര്‍ക്കാരിന്റെ സജീവമായ ഇടപെടലാണ് വേണ്ടത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയില്‍ എക്‌സ് എം.പി യും നാഷണല്‍ അവാര്‍ഡ് ജേതാവുമായ നടി ശാരദ, റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വല്‍സല കുമാരി എന്നിവരാണ് അംഗങ്ങള്‍. മൂന്ന് പേരും സംയുക്തമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചിത്രീകരണ സ്ഥലങ്ങള്‍ ഉള്‍പ്പടെ മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തപ്പെട്ടിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഇനി പുറത്ത് വരേണ്ടതായാണിരിക്കുന്നത്. അത് വരട്ടെ. എങ്കിലും ഈ നേട്ടം അവിസ്മരണീയമാണ്. അതിന് കേരള സര്‍ക്കാറിനെയും ഹേമ കമ്മീഷനെയും ഞങ്ങള്‍ ഹാര്‍ദമായി അഭിനന്ദിക്കുന്നു. കേരളത്തിലെ സ്ത്രീ സമൂഹം - പ്രത്യേകിച്ചും മലയാള സിനിമയിലെ സ്ത്രീകള്‍ - ഇതിന് എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.

ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ ഏറെ സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഉള്‍ക്കരുത്തും അര്‍ഹമായ ഇടവും ലഭിക്കുമെന്നും ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് നമ്മുടെ സമൂഹം കൂടുതല്‍ അടുക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദം തന്നെയാണ് ഈ വിജയം. ഞങ്ങളിത് ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ പുതുവത്സര സമ്മാനമായി ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച്(അവസരങ്ങള്‍ നല്‍കാമെന്നു പറഞ്ഞുള്ള ലൈംഗികചൂഷണം) ഉള്‍പ്പെടെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നതായാണ് ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സിനിമാരംഗത്തെ സ്ത്രീകളുമായും തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് മുമ്പാകെയാണ് റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

രണ്ടുവര്‍ഷംനീണ്ട തെളിവെടുപ്പുകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് മലയാള സിനിമയിലെ സ്ത്രീവിരുദ്ധ പ്രവണതകള്‍ തുറന്നുകാട്ടുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നടി ശാരദ, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വല്‍സല കുമാരി എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരുന്നു.

സിനിമാ വ്യവസായത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഒട്ടേറെയാണെന്ന് കമ്മിഷന്‍ കണ്ടെത്തി.

നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കും കുറ്റംചെയ്യുന്നവര്‍ക്കും പിഴ ചുമത്തണം. ഇത്തരക്കാര്‍ക്ക് സിനിമാ വ്യവസായത്തില്‍ വിലക്കുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights : wcc applauses justice k hema committee report to take action for sexual harrasments against women