കൊച്ചി: വിവാദങ്ങള്‍ക്കിടെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ നിര്‍ണായക യോഗം ഓഗസ്റ്റ് ഏഴിന്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാലുപേര്‍ സംഘടനയില്‍ നിന്നും രാജിവച്ച സാഹചര്യത്തിലാണ് എക്‌സിക്യൂട്ടീവ് ചേരുന്നത്. 

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയ നാലു നടിമാരുമായി എഎംഎംഎ ഭാരവാഹികള്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. തിലകനെ വിലക്കിയ വിഷയത്തില്‍ ആക്ഷേപമുന്നയിച്ച ഷമ്മി തിലകന്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ ജോയ് മാത്യു എന്നിവരുമായും ചര്‍ച്ച നടത്തും. കൊച്ചിയിലെ ഹോട്ടലില്‍ വൈകിട്ട് അഞ്ചിനാണ് യോഗം.

അതേസമയം, ദിലീപ് വിഷയത്തില്‍ വിവാദമുണ്ടായതിനെ തുടര്‍ന്ന് എഎംഎംഎയില്‍ അഭിപ്രായ വ്യത്യാസമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമിക്കപ്പെട്ട നടിയ്ക്ക് അനുകൂലമായ സംഘടനാ തീരുമാനങ്ങള്‍ ദിലീപ് അനുകൂലികള്‍ അട്ടിമറിക്കുന്നതില്‍ സെക്രട്ടറി മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ട്.

ജനറല്‍ ബോഡി യോഗത്തില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച ശേഷം വലിയ തോതിലുള്ള വിമര്‍ശനമാണ് സംഘടനയും പുതിയ പ്രസിഡന്റ് മോഹന്‍ലാലും നേരിടേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് മോഹന്‍ലാല്‍ പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കേണ്ട അവസ്ഥയുണ്ടായി.

വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കാന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ എഎംഎംഎ തീരുമാനിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഈ തീരുമാനവും അട്ടിമറിക്കപ്പെടുകയായിരുന്നു. 

ഇതിനുശേഷമാണ് എഎംഎംഎയുടെ വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും നടിയുടെ കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയത്. മോഹന്‍ലാലിന്റെ അനുമതിയോടെയായിരുന്നു നടിമാര്‍ കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍, നടി കോടതിയില്‍ ഇവരുടെ ഹര്‍ജിയെ എതിര്‍ക്കുകയായിരുന്നു. കക്ഷി ചേരല്‍ നീക്കത്തില്‍ എന്ത് തുടര്‍നടപടി എടുക്കണമെന്ന ചര്‍ച്ചയും ഇന്നത്തെ യോഗത്തിലുണ്ടാകും.

ഡബ്ല്യുസിസിയില്‍ നിന്നും കത്തു നല്‍കിയ അംഗങ്ങളുമായി മാത്രം ചര്‍ച്ച നടത്താനാണ് എഎംഎംഎയുടെ തീരുമാനം. അംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പിലൂടെ അയച്ച സന്ദേശത്തിലാണ് ഇക്കാര്യമുള്ളത്. രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് കത്തുനല്‍കിയത്. രാജിവെച്ച നടിമാരുടെ കാര്യം പരിഗണിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. അംഗങ്ങള്‍ പരസ്യ പ്രസ്താവന നടത്തുന്നതും വാട്‌സ്ആപ്പ് സന്ദേശത്തില്‍ വിലക്കിയിട്ടുണ്ട്.

Content Highlights: WCC AMMA Mohanlal Parvathy Revathy Honey Rose Rachana Narayanankutty Bhavana Dileep Geethu Mohandas