നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയൂ.സി.സി. ഇതുമായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഡബ്ലിയൂ.സി.സി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.  'അമ്മ' എന്തിനാണ് ദിലീപിനെ പുറത്താക്കിയതെന്നും തിരിച്ചെടുക്കാന്‍ മാത്രം എന്താണ്  നിലവിലെ സാഹചര്യത്തില്‍ മാറ്റം വന്നതെന്നും അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ ഭാഗമാകുമ്പോള്‍ ആരോപണ വിധേയനായ ആളെ തിരിച്ചെടുക്കുന്നതിലൂടെ അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുകയെല്ലേ ചെയ്യുന്നതെന്നും ഡബ്ലിയൂ.സി.സി ചോദിക്കുന്നു. 

ഡബ്ലിയു.സി.സി.യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍

വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. WCCഅവള്‍ക്കൊപ്പം.

wcc

ഞായറാഴ്ച്ചയാണ് അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേല്‍ക്കുന്നത്. തുടര്‍ന്ന് നടന്ന ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നതോടെയാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ ധാരണയായത്. എന്നാല്‍ ഈ ചഗങ്ങുകളില്‍ നിന്ന് വനിതാ കൂട്ടായ്മ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു.

WCC against AMMA dileep back to AMMA mohanlal mammootty idavelababu AMMA WCC