തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന കേസില്‍ പ്രതികരണവുമായി മലയാളസിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി. കേരളത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് സ്വന്തം വീട്ടിനുള്ളിലെ സ്വകാര്യതയില്‍, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ സഹപ്രവര്‍ത്തകനില്‍ നിന്നും നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.  ഇത്തരം പോലീസിങ് ഒരു നിലക്കും അനുവദിക്കാനാകില്ലെന്നും സംഭവത്തില്‍ തങ്ങളുടെ പുരുഷാധിപ സഹപ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീമാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും അര്‍പ്പിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം

അവള്‍ക്കൊപ്പം

വീട്ടിനകത്തായാലും പുറത്തായാലും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന കടമ്പകള്‍ സമാനമാണ്. രണ്ടിടത്തും 'പുരുഷാധിപത്യത്തിന്റെ ബലാത്സംഗ സംസ്‌കാരം ' പല രൂപത്തിലും പതിയിരിക്കുന്നുണ്ട്. ലിംഗാധികാരത്തിന്റെ ആനുകൂല്യത്തില്‍ എല്ലാ സംവിധാനങ്ങളും വരുതിയില്‍ നിര്‍ത്തി മാത്രം ജീവിച്ചു ശീലിച്ച ആണത്തങള്‍ അതുകൊണ്ട് തന്നെ എവിടെയും ഒരു പോലീസ് സംസ്‌കാരം പണിതാണ് സ്വയം അതിജീവിക്കുന്നത്. സിനിമയിലും മാധ്യമങ്ങളിലും അത് പരിധിയില്‍ കവിഞ്ഞ ബുദ്ധിമുട്ടാണ് സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്നത്. കേരളത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകക്ക് സ്വന്തം വീട്ടിനുള്ളിലെ സ്വകാര്യതയില്‍, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ സഹപ്രവര്‍ത്തകനില്‍ നിന്നും നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണ്. പൊതു ജീവിതത്തെ തന്നെ അസാധ്യമാക്കുന്ന സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്തരം പോലീസിങ് ഒരു നിലക്കും അനുവദിക്കാനാകില്ല. ഇക്കാര്യത്തില്‍ തങ്ങളുടെ പുരുഷാധിപ സഹപ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീമാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും അര്‍പ്പിക്കുന്നു. അവരുടെ പോരാട്ടം ന്യായമാണ്. നെറ്റ് വര്‍ക്ക് ഫോര്‍ വുമണ്‍ ഇന്‍ മീഡിയയുടെ പ്രസ്താവന ഞങ്ങളിവിടെ പങ്ക് വയ്ക്കുന്നു. അവരുടെ നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.തിരുവനന്തപുരം പ്രസ് ക്ലബ്ബിനോട് ഈ സംഭവത്തെ ഗൗരവമായി കണ്ട് ന്യായമായ ഒരു നിലാപാട് അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. അറസ്റ്റ് ചെയ്തുകൊണ്ടുപോകവെ പ്രസ്‌ക്ലബ്ബില്‍ പ്രതിഷേധം നടത്തിക്കൊണ്ടിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ കൂവി വിളിച്ച് വരവേറ്റു. 

വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാവിലെ മുതല്‍ തന്നെ രാധാകൃഷ്ണനെതിരെ നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ പ്രവര്‍ത്തകര്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Content Highlights: wcc about thiruvananthapuram press club secretary lady molestation case