ദിവാസികള്‍ക്ക് വീട് നിര്‍മിച്ചുനല്കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന ആരോപണം തീര്‍ത്തും തെറ്റാണെന്ന് നടി മഞ്ജു വാര്യര്‍. പദ്ധതിക്കുവേണ്ടി ഒരു സര്‍വേ നടത്തിയിരുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്തുതീര്‍ക്കാവുന്ന ദൗത്യമല്ല അതെന്നാണ് സര്‍വേയില്‍ ബോധ്യപ്പെട്ടത്. ഈ വിവരം അന്നേ സര്‍ക്കാരിനെ അറിയിച്ചിരുന്നു-മഞ്ജു പറഞ്ഞു.

സര്‍ക്കാരിന് അത് ബോധ്യപ്പെട്ടതുമാണ്. ഏതെങ്കിലും വ്യക്തികള്‍ക്ക് അങ്ങനെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ അനുവദിക്കുന്നുമില്ല. ഈ വാര്‍ത്ത പുറത്തുവന്ന തിങ്കളാഴ്ച തന്നെ മന്ത്രി എ.കെ.ബാലനെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലായി. തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയിലുള്ളതിനാല്‍ മറ്റ് വികസന പദ്ധതികളില്‍ നിന്ന് വയനാട്ടിലെ ആദിവാസികള്‍ ഒഴിവാക്കപ്പെട്ടു എന്ന പ്രചാരണം തെറ്റാണെന്നും മഞ്ജു വാര്യര്‍ അറിയിച്ചു. 

അങ്ങനെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെടില്ലെന്ന് മന്ത്രി ഉറപ്പു തന്നിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ ചിലര്‍ ആദിവാസി സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരേ അണിനിരത്തുകയാണെന്നും മഞ്ജു പറഞ്ഞു. 

താനെന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ഏതു പരിപാടിയുടെയും മുന്‍നിരയിലുണ്ടാകും. ഈ വിവരവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്-മഞ്ജു പറഞ്ഞു. 

ആദിവാസികുടുംബങ്ങള്‍ക്ക് വീടുനിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതിനാല്‍ നടി മഞ്ജുവാര്യരുടെ തൃശ്ശൂരിലെ വീട്ടുപടിക്കല്‍ 13 മുതല്‍ കുടില്‍കെട്ടി സത്യാഗ്രഹം നടത്തുമെന്ന് ഇന്ദിര വെള്ളന്‍, മിനി കുമാരന്‍, പാറ്റ വെള്ളന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

പനമരം ഗ്രാമപ്പഞ്ചായത്തിലെ പരക്കുനിയില്‍ പണിയ വിഭാഗത്തില്‍പ്പെട്ട 57 കുടുംബങ്ങള്‍ക്ക് 1.88 കോടി ചെലവില്‍ വീട് നിര്‍മിച്ച് നല്‍കാമെന്നും അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നുമാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് 2017 ജനുവരി 20-ന് കളക്ടര്‍, വകുപ്പ് മന്ത്രി, പനമരം ഗ്രാമപ്പഞ്ചായത്ത് എന്നിവയ്ക്ക് കത്തും നല്‍കിയിരുന്നു. തുടര്‍ന്ന് പട്ടികജാതി-വര്‍ഗ വകുപ്പ് പ്രവൃത്തിക്ക് അനുമതിയും നല്‍കി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തുടര്‍നടപടിയും ഉണ്ടായില്ലെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. ഇതിനെതിരേയാണ് വിശദീകരണവുമായി മഞ്ജു രംഗത്ത് വന്നത്.

Content Highlights : Wayanad Tribal Group Against Manju Warrier Manju Responds On Allegations