ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരേ തുറന്നടിച്ച് പഞ്ചാബി താരം താരം വാമിഖ ഗാബി. ​ഗോദ, നയൺ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ താരമാണ് വാമിക. ഒരിക്കൽ കങ്കണയുടെ ആരാധികയായിരുന്നു താൻ ലജ്ജിക്കുന്നുവെന്നും  വെറുപ്പു മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിപ്പോയത് ഏറെ ദുഃഖിപ്പിക്കുന്നുവെന്നും വാമിഖ ട്വീറ്റ് ചെയ്തു. 

കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവെന്ന് ചിത്രീകരിച്ചതിനെതിരേയാണ് കങ്കണയ്ക്കെതിരേ പ്രതിഷേധം. മൊഹീന്ദര്‍ കൗര്‍ എന്ന വയോധികയെയാണ് കങ്കണ ബില്‍കിസ് ബാനുവാക്കി ചിത്രീകരിച്ചത്. 100 രൂപയ്ക്ക് ഇവരെ സമരം നടത്താന്‍ ലഭിക്കുമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

 "ഒരിക്കൽ ഇവരുടെ ആരാധികയായിരുന്നു.  എന്നാൽ ഇവരെ ഞാൻ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോർത്ത് ഇപ്പോൾ ലജ്ജ തോന്നുന്നു. ഹിന്ദു എന്നതിന്റെ അർത്ഥം തന്നെ സ്നേഹം എന്നതാണ്. ഒരു പക്ഷേ, രാവണൻ ശരീരത്തിൽ കയറിയാൽ മനുഷ്യർ ഇങ്ങനെയൊക്കെ ആകുമായിരിക്കും. ഇത്രയധികം കോപവും വെറുപ്പും... വെറുപ്പു മാത്രം നിറഞ്ഞൊരു സ്ത്രീയായി താങ്കൾ മാറിപ്പോയത് ഏറെ ദുഃഖിപ്പിക്കുന്നു!"വാമിക ട്വീറ്റ് ചെയ്തു.

വാമികയുടെ ട്വീറ്റിന്  പിന്നാലെ താരത്തെ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 

അവരെന്നെ ബ്ലോക്ക് ചെയ്തതിൽ ഏറെ സന്തോഷം. അവരുടെ മുൻ ട്വീറ്റുകളിൽ സ്ത്രീകളോട് മറുപടി നൽകിയത് പോലെ എന്നോടും പറഞ്ഞിരുന്നുവെങ്കിൽ എന്റെ ഹൃദയം തകർന്നേനെ ..ദൈവം നിങ്ങളുടെ ഹൃദയത്തിൽ സ്നേഹം നിറയ്ക്കട്ടെ...തന്നെ കങ്കണ ബ്ലോക്ക് ചെയ്ത വിവരം പങ്കുവച്ച് വാമിക കുറിച്ചു.

Content Highlights : WamiQa Gabbi Against Kangana Ranaut Actress Blocked Wamiqa in Twitter