മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരേ ശക്തമായ നിലപാട് പ്രഖ്യാപിച്ച പൃഥ്വിരാജിന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഐറ്റം ഡാന്‍സ് സ്ത്രീ വിരുദ്ധമോ അല്ലയോ ? അതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ശ്രദ്ധ നേടുന്നത് ഗോവന്‍ മോഡലായ വാലുച്ച ഡിസൂസയാണ്. 

ചിത്രത്തിന്റെ 29-ാമത്തെ ക്യാരക്ടര്‍ പോസ്റ്ററില്‍ വാലുച്ചയാണ് താരം. ലൂസിഫറില്‍ തന്നെ ഭാഗമാക്കിയതിന് പൃഥ്വിരാജിനോടും മോഹന്‍ലാലിനോടും പ്രത്യേകം നന്ദി പറഞ്ഞിരിക്കുകയാണ് വാലുച്ച. 

Waluscha De Sousa

ഗോവയില്‍ ജനിച്ച വാലുച്ച പോര്‍ച്ചുഗീസ്-ജര്‍മന്‍ വംശജയാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം പതിനാറാം വയസ്സു മുതല്‍ മോഡലിങ് രംഗത്ത് സജീവമാവുകയായിരുന്നു. മിസ് ഇന്ത്യ മത്സരത്തില്‍ മിസ് ബോഡി ബ്യൂട്ടിഫുള്‍ പട്ടം സ്വന്തമാക്കിയത് കരിയറില്‍ വഴിത്തിരിവായി. ഷാരൂഖ് ഖാനൊപ്പം പെപ്‌സിയുടെ പരസ്യത്തിലാണ് വാലുച്ച ആദ്യമായി അഭിനയിച്ചത്. പിന്നീട് പല പ്രമുഖ ബ്രാന്‍ഡുകളുടെയും പരസ്യത്തില്‍ മോഡലായി ഇവരെത്തി. 

പത്തൊന്‍പതാമത്തെ വയസ്സില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മാര്‍ക്ക് റോബിന്‍സണിനെ വാലുച്ച വിവാഹം ചെയ്തു. അവര്‍ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തു. തന്റെ മുപ്പതാമത്തെ വയസ്സില്‍ വാലുച്ച റോബിന്‍സണുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചു. ചാനല്‍ റോബിന്‍സണ്‍, ബ്രൂക്കിലിന്‍ റോബിന്‍സണ്‍, സിയന്ന റോബിന്‍സണ്‍ എന്നിവരാണ് വാലുച്ചയുടെ മക്കള്‍. 

Waluscha De Sousa

വാലുച്ച കുടുംബത്തോടൊപ്പം

ഷാരൂഖ് ഖാന്‍ നായകനായ 'ഫാന്‍' എന്ന ചിത്രത്തിലൂടെ മുപ്പത്തിയാറാമത്തെ വയസ്സിലാണ് വാലുച്ച സിനിമാ അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ ബേല ഖന്ന എന്ന കഥാപാത്രത്തെയാണ് ഇവര്‍ അവതരിപ്പിച്ചത്. 

Waluscha De Sousa
ഫാന്‍ എന്ന ചിത്രത്തില്‍ വാലുച്ചയും ഷാരൂഖ് ഖാനും

'ടൈം ടു ഡാന്‍സ്' എന്ന ചിത്രത്തിലാണ് വാലുച്ചയിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനായ സൂരജ് പഞ്ചോളിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് വാലുച്ച അവതരിപ്പിക്കുന്നത്. 2019 നവംബര്‍ 29 ന് 'ടൈം ടു ഡാന്‍സ്'  പുറത്തിറങ്ങും.

Content Highlights: Waluscha De Sousa dance in lucifer movie Prithviraj Sukumaran mohanlal movie