സെലെൻസ്കി, നാട്ടു നാട്ടു ഗാനരംഗത്തുനിന്നും | ഫോട്ടോ: എ.എഫ്.പി, സ്ക്രീൻഗ്രാബ്
2022-ലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലൊന്നാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ. ഇന്ത്യക്കകത്തും പുറത്തും തരംഗമായ ചിത്രത്തെ ഓസ്കാർ എന്ന നേട്ടത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അണിയറപ്രവർത്തകർ. ചിത്രത്തേക്കുറിച്ചുള്ള രസകരമായ ഒരു വിവരം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ആർ.ആറ്‍.ആറിലെ സൂപ്പർഹിറ്റ് ഗാനമായ നാട്ടു നാട്ടുവിനെക്കുറിച്ചുള്ളതാണ് ആ വിവരം.
യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കിയുടെ വസതിക്ക് മുന്നിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത് എന്നതാണ് ആ കൗതുകകരമായ കാര്യം. ചലച്ചിത്രകാരനായ സന്ദീപ് റെഡ്ഡി വാങ്കയുമായുള്ള അഭിമുഖത്തിൽ രാജമൗലി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
"യുക്രൈനിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത്. യുക്രൈൻ പ്രസിഡന്റിന്റെ കൊട്ടാരമായിരുന്നു സത്യത്തിൽ ആ പാട്ടിന്റെ പശ്ചാത്തലം. പാർലമെന്റ് അതിനോടുചേർന്ന് തന്നെയായിരുന്നു. യുക്രൈൻ പ്രസിഡന്റ് നേരത്തേ ഒരു ടെലിവിഷൻ താരമായിരുന്നതിനാൽ ഷൂട്ടിങ്ങിനുള്ള അനുമതി പെട്ടന്ന് ലഭിച്ചു. രസകരമായ കാര്യം എന്താണെന്നുവെച്ചാൽ പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഒരു പരമ്പരയിൽ അദ്ദേഹം പ്രസിഡന്റ് ആയി വേഷമിട്ടിട്ടുണ്ട് എന്നുള്ളതാണ്". രാജമൗലി പറഞ്ഞു.
ചന്ദ്രബോസാണ് നാട്ടു നാട്ടു എന്ന ഗാനം എഴുതിയത്. എം.എം. കീരവാണി ഈണമിട്ട ഗാനം രാഹുൽ സിപ്ലിഗഞ്ചും കാല ഭൈരവയും ചേർന്നാണ് ആലപിച്ചത്. രാം ചരൺ തേജയും ജൂനിയർ എൻ.ടി. ആറും ഗംഭീരമാക്കിയ നൃത്തച്ചുവടുകൾ ഒരുക്കിയത് പ്രേം രക്ഷിത് ആണ്. പത്ത് കോടിയിലേറെ പേരാണ് യൂട്യൂബിൽ മാത്രം ഈ ഗാനം കണ്ടത്. ഗാനത്തിന്റെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകളും ഏറെ ശ്രദ്ധേയമായിരുന്നു.
ആലിയാ ഭട്ട്, അജയ് ദേവ്ഗൺ, ശ്രീയാ ശരൺ, സമുദ്രക്കനി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുപ്രധാനവേഷങ്ങളിൽ. 2022 മാർച്ച് 25-ന് തിയേറ്ററുകളിലെത്തിയ ചിത്രം 1000 കോടിയാണ് ബോക്സോഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ജപ്പാനിലും ചിത്രത്തിന് വൻ വരവേല്പാണ് ലഭിച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗം വരുമെന്ന് ഈയിടെ രാജമൗലി അറിയിച്ചിരുന്നു.
Content Highlights: vlodimir zelensky background for nattu nattu song from rrr, ss rajamouli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..