ചെന്നൈ: നടിയും ടെലിവിഷന്‍ അവതാരകയുമായ ചിത്ര കാമരാജിന്റെ ആത്മഹത്യയെ തുടര്‍ന്ന് ഭര്‍ത്താവ് ഹേംനാഥ് അറസ്റ്റില്‍. ഇയാളെ തുടര്‍ച്ചയായി അഞ്ച് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചിത്രയുടെ അമ്മ വിജയയും ഹേംനാഥും  നല്‍കിയ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പോലീസ് വിജയയെയും ചോദ്യം ചെയ്തു.

ചിത്ര മരിക്കുന്നതിന് മുന്‍പ് ഫോണില്‍ അമ്മയുമായി തര്‍ക്കിച്ചിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ മകളുമായി താന്‍ വഴക്കിട്ടിട്ടില്ല എന്നാണ് വിജയയുടെ ഭാഷ്യം. ചിത്ര അഭിനയിച്ച സീരിയയിലെ ഒരു രംഗം ഹേംനാഥിനെ ചൊടിപ്പിച്ചു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വാഗ്വാദമുണ്ടായി. ചിത്ര അഭിനയിച്ചിരുന്ന സീരിയലിന്റെ സെറ്റില്‍ ഹേംനാഥ് വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ അമ്മ ഹേംനാഥിനെ ഉപേക്ഷിക്കാന്‍ ചിത്രയോട് ആവശ്യപ്പെട്ടുവെന്നും പോലീസ് പറയുന്നു. അമ്മയും ഭര്‍ത്താവും ചേര്‍ന്ന് നടിയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തില്‍ അമ്മയെ ഇനിയും ചോദ്യം ചെയ്‌തേക്കും

വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് ചിത്ര കാമരാജ്. കഴിഞ്ഞ ബുധനാഴ്ചയാണ് നടിയെ ചെന്നൈ നസ്രത്ത്‌പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇ.വി.പി. ഫിലിം സിറ്റിയില്‍ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയത്. ഹേമന്ദും അതേ ഹോട്ടലില്‍ ചിത്രയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേംനാഥ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

അമ്മയും ഹേംനാഥുമായുള്ള വഴക്കുകള്‍ മൂലം  ഡിസംബര്‍ 4 മുതല്‍ ചിത്ര താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നു.  കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രയും ഹേംനാഥും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബര്‍ 19-ന് ഇവര്‍ വിവാഹം രജിസ്റ്റര്‍ വിവാഹം ചെയ്തു. ഇത് ചിത്രയുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അറിഞ്ഞിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: VJ Chitra Kamaraj's husband Hemanth arrested for abetment to suicide