കോവിഡ് ബാധ സ്ഥിരീകരിച്ച ബച്ചൻ കുടുംബത്തിന്റെ എത്രയും പെട്ടെന്നുള്ള സുഖ പ്രാപ്തിക്കായി ആശംസകൾ നേർന്ന് നടൻ വിവേക് ഒബ്റോയ്. കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ,ആ​രാധ്യ എന്നിവർക്ക് അസുഖം സ്ഥിരീകരിച്ചത്. "കുടുംബം എത്രയും വേ​ഗം സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർഥിക്കുന്നു".ഐശ്വര്യയ്ക്കും മകൾക്കും രോ​ഗം സ്ഥിരീകരിച്ച വാർത്ത പങ്കുവച്ച് വിവേക് ട്വീറ്റ് ചെയ്തു. അതിന് മുമ്പ് ബച്ചനും അഭിഷേകിനും പ്രാർഥനകൾ നേർന്നുള്ള ട്വീറ്റും താരം പങ്കുവച്ചിരുന്നു.

ഒരുകാലത്ത് ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയ ജോഡികളായിരുന്നു വിവേകും ഐശ്വര്യയും. പ്രണയത്തകർച്ച ഇരുവരും തമ്മിലുള്ള സൗഹദ തകർച്ചയ്ക്കും കാരണമായി മാറിയിരുന്നു.

കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചൻ ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത്.

ഇതിന് പിന്നാലെ അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകൾ സീൽ ചെയ്തു. പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ബച്ചന്റെ സ്റ്റാഫുകളിൽ 16 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.

Content Highlights :Vivek Oberoi wishes a quick recovery For Amitabh Bachchan And Family