പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസഫറിന് ശേഷം വിവേക് ഒബ്‌റോയി വീണ്ടും മലയാളത്തില്‍. ജിനു വി എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയിലാണ് വില്ലനായി വിവേക് ഒബ്റോയ് എത്തുന്നത്. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞയാഴ്ച കടുവയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്നു. മുണ്ടക്കയത്താണ് ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്.

കുരുതിക്ക് ശേഷം അഭിനന്ദന്‍ രാമാനുജം ക്യാമറ ചലിപ്പിക്കുന്ന പൃഥ്വിരാജ് ചിത്രവുമാണ് കടുവ. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പ്ലാന്ററുടെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. 

ജേക്സ് ബിജോയ് സംഗീത സംവിധാനവും മോഹന്‍ദാസ് കലാസംവിധാനവും. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ഷാജി കൈലാസ് ഏറെ കാലത്തിന് ശേഷം മാസ് ആക്ഷന്‍ എന്റര്‍ടെയിനറുമായി തിരിച്ചെത്തുന്നുവെന്നതും കടുവയുടെ പ്രത്യേകതയാണ്.

Content Highlights: Vivek Oberoi to act in Kaduva against Prithviraj sukumaran after lucifer