'ജീവിതത്തിലെ മികച്ചൊരു സമയമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കാന്‍ പറ്റി, ഒപ്പം ലൂസിഫര്‍ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റിന്റെ ഭാഗമാകാനും'- മനസ്സു തുറക്കുകയാണ് വിവേക് ഒബ്‌റോയി.

രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമാണ് വിവേക് ആദ്യമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചതും മോഹന്‍ലാലിനൊപ്പം. ഇതൊരു വലിയ നിയോഗമായി കാണുന്നു വിവേക്. ലൂസിഫര്‍ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ സ്ഥീഫന്‍ നെടുമ്പിള്ളിയെപ്പോലെത്തന്നെ മനസ്സില്‍  പതിയുന്ന കഥാപാത്രമായി ബോബിയും.

മോഹന്‍ലാലിന്റെ കൂടെ വീണ്ടും അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പറയുകയാണ് വിവേക്. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സു തുറക്കുകയായിരുന്നു താരം. 

'ലാലേട്ടന്‍, മഞ്ജു വാര്യര്‍. പൃഥ്വിരാജ് തുടങ്ങി മികച്ച അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഷൂട്ടിങ് സമയത്ത് മികച്ച പിന്തുണയാണ് ഇവരെല്ലാം എനിക്ക് നല്‍കിയത്. രാജു ശരിക്കും ഒരു വിസ്മയമാണ്. ലൂസിഫറിന്റെ സെറ്റില്‍ വച്ചാണ് രാജുവിനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആദ്യ ഷോട്ട് തീര്‍ന്നപ്പോള്‍ തന്നെ ഞാന്‍ രാജുവിനോട് പറഞ്ഞു, ''രാജു നീ നവാഗത സംവിധായകനല്ല. കാരണം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായി നിനക്കറിയാം.''

vivek oberoiഎന്റെ വാക്ക് ശരിവച്ചു കൊണ്ട് ഏറ്റവും വേഗം 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രമായി മാറി ലൂസിഫര്‍. ഷൂട്ടിങ്ങിനിടെ ഓരോ നിമിഷവും ആഘോഷിച്ചു. ബോബി എന്ന കഥാപാത്രം കുറച്ച് വ്യത്യസ്തമായിരുന്നു. വിവേക് ഇനിയും മലയാളം സിനിമ ചെയ്യണമെന്ന് പറഞ്ഞു കൊണ്ട് ധാരാളം മെസേജുകള്‍ വരുന്നുണ്ട്. എല്ലാവരോടും സ്‌നേഹം. ഇതുവരെ ഞാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല. ഭാവിയില്‍ എന്തും സംഭവിക്കാം. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നാല് ഭാഷകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് നടന്നു. നല്ല തിരക്കഥകള്‍ വന്നാല്‍ ഞാന്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കും.

അഭിമുഖത്തിന്റെ പൂര്‍ണ രൂപം പുതിയ ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ വായിക്കാം