വിവേകിന്റെ മരണം അറിഞ്ഞ് ആയിരങ്ങളാണ് വിരുഗമ്പാക്കത്തുള്ള വീട്ടിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. സിനിമ, രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖർക്കൊപ്പം സാധാരണക്കാരായ അനേകംപേർ ഇവിടെ എത്തി. രാവിലെ മുതൽ വിവേകിന്റെ വീടിന് മുന്നിൽ ജനത്തിരക്കായി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ആളുകളെ വരിയായി നിർത്തിയതിനുശേഷം ഊഴമനുസരിച്ച് അന്ത്യാഞ്ജലി അർപ്പിക്കാൻ കടത്തിവിടുകയായിരുന്നു. വരി നീണ്ടപ്പോൾ ആളുകളെ നിയന്ത്രിക്കാൻ പോലീസ് പണിപ്പെട്ടു.

പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരെ കൂടാതെ കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ താരങ്ങളും അനുശോചനം അറിയിച്ചു. അടുത്ത സുഹൃത്തും സാമൂഹിക പ്രവർത്തകനും കൂടിയായ വിവേകിന്റെ വിയോഗത്തിൽ അതിയായി ദുഃഖിക്കുന്നുവെന്ന് രജനി ട്വീറ്റ് ചെയ്തു. ശിവാജി സിനിമയിൽ അഭിനയിക്കുമ്പോൾ വിവേകിനൊപ്പം ചെലവഴിച്ച സമയം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും രജനി ട്വിറ്ററിൽ കുറിച്ചു. നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിക്കാൻ സാധിക്കാതിരുന്ന കമൽഹാസനും ട്വിറ്ററിലൂടെ അനുശോചിച്ചു. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ ശിഷ്യൻ എന്ന നിലയിൽ സമൂഹനന്മയ്ക്കു വേണ്ടി പ്രവർത്തിച്ചയാളായിരുന്നു വിവേക് എന്ന് കമൽ അനുസ്മരിച്ചു. വിവേകിന്റെ മരണം തമിഴ്‌നാടിന് വലിയ നഷ്ടമാണെന്നും കമൽ അഭിപ്രായപ്പെട്ടു.

വിവേകിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്ന് നടൻ വിക്രം പ്രതികരിച്ചു. തന്നോട് വലിയ സ്നേഹമുണ്ടായിരുന്ന ആളായിരുന്നു. പ്രതിഭാസമ്പന്നനായ കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമാരംഗത്ത് വലിയ നഷ്ടമാണെന്നും വിക്രം പറഞ്ഞു. വിവേകിന്റെ മരണം ഏറെ ദുഃഖിപ്പിച്ചുവെന്ന് പ്രതികരിച്ച നടൻ അർജുൻ ജീവിതത്തിന്റെ അനിശ്ചിതത്വമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ തുടങ്ങിയവരും അനുശോചിച്ചു. വിവേകിന് പകരക്കാരനാകാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം അഭിനയിച്ച വേഷങ്ങളിലൂടെയും സമൂഹത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുടെ മനസ്സുകളിൽ എന്നും ജീവിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അനുശോചനസന്ദേശത്തിൽ പറഞ്ഞു. ബഹുമുഖപ്രതിഭയായിരുന്നു വിവേക് എന്ന് പ്രതിപക്ഷ നേതാവ് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഹാസ്യത്തിലൂടെയും അഭിനയത്തിലൂടെയും ജനങ്ങളെ ബോധവത്കരിക്കാൻ വിവേകിന് സാധിച്ചുവെന്നും കരുണാനിധിയോട് അടുപ്പവും സ്നേഹവും പുലർത്തിയിരുന്നുവെന്നും സ്റ്റാലിൻ അനുസ്മരിച്ചു. സർക്കാരിനുവേണ്ടി ഫിഷറീസ് മന്ത്രി ഡി. ജയകുമാർ നേരിട്ട് എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഡി.എം.കെ.ക്ക്‌ വേണ്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജ, ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. എം.ഡി.എം.കെ. നേതാവ് വൈകോ, വി.സി.കെ. നേതാവ് തിരുമാവളവൻ തുടങ്ങിയ നേതാക്കളും അന്തിമോപചാരം അർപ്പിക്കാൻ എത്തി. പൂർണ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു അന്തിമ ചടങ്ങുകൾ. തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് പ്രത്യേക അനുമതി നേടിയാണ് ഇതിന് നടപടിയെടുത്തത്. വീട്ടിൽനിന്ന് മേട്ടുകുപ്പത്തേക്കുള്ള വിലാപയാത്രയിലും ഒട്ടേറെ പേർ പങ്കെടുത്തു. മകൾ തേജസ്വനി അന്തിമകർമം ചെയ്തു.

Content Highlights:  Vivek demise Film, political fraternity pay tribute to actor