സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറിയാണ് നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ യാത്ര. തായ്‌ലന്റില്‍ താമസിക്കുന്ന മായ എന്ന വിസ്മയയുടെ ഇഷ്ടങ്ങള്‍ എഴുത്തിനോടും ആയോധനകലകളോടുമാണ്. ഇപ്പോഴിതാ ആയോധനകലാ പരിശീലനം കൊണ്ട് ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ 22 കിലോ ശരീര ഭാരം കുറയ്ക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മായ.

തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് മായ ശരീര ഭാരം കുറച്ചത്. തന്റെ പരിശീലകനായ ടോണിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പില്‍ തന്റെ ജീവിതം മാറ്റി മറിച്ച അനുഭവമായിരുന്നു അതെന്ന് പറയുന്നു മായ

മായ പങ്കുവച്ച കുറിപ്പ്

' ഫിറ്റ് കോഹ് തായ്‌ലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ ഞാന്‍ വര്‍ഷങ്ങള്‍ ചിലവഴിച്ചു. കോണിപ്പടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെ, 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.

ഇത് സാഹസികമായ യാത്രയായിരുന്നു. ആദ്യമായി ' മ്യു തായ്' പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നമ്മള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ. ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. . എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യമാവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച കോച്ച്. നിത്യവും ഓരോ നിമിഷവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ നൂറ് ശതമാനവും എനിക്കായി നല്‍കി. എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളുണ്ട്. എന്നാല്‍ എന്നാല്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

ഭാരം കുറയ്ക്കുക എന്നതിലുപരി ഇവിടെ നിന്ന് എനിക്ക് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു. എല്ലാത്തിലുമുപരി ചെയ്യണം എന്ന് പറയുന്നതിനേക്കാള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി...

Content Highlights : Vismaya Mohanlal shares Weightloss journey, Thailand Fitness