വിജയ് സേതുപതി ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് നടി അമലാ പോള്‍ നടത്തിയ പത്രക്കുറിപ്പില്‍ പ്രതികരിച്ച് തമിഴ്‌ നടന്‍ വിഷ്ണു വിശാല്‍. മോശമായി പെരുമാറിയ നിര്‍മാതാവിനെക്കുറിച്ച് തുറന്നു പറഞ്ഞത് വലിയ സന്തോഷം നല്‍കുന്നുവെന്നും നിര്‍മാതാക്കളില്‍ നിന്നും തനിക്കും ദുരനുനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും മുതലാളിമാരായതിനാലാണ് അവരെ ബഹുമാനിക്കുന്നതെന്നും നടന്‍ ട്വീറ്റ് ചെയ്യുന്നു. രാക്ഷസന്‍ എന്ന ചിത്രത്തില്‍ അമലാപോളിനൊപ്പം വേഷമിട്ടത് വിഷ്ണുവായിരുന്നു.

ഒരു അഭിനേതാവ് ഇങ്ങനെ തുറന്നു പറഞ്ഞു കണ്ടതില്‍ സന്തോഷമുണ്ട്. പൊതുവെ നടീനടന്‍മാര്‍ ഇത്തരത്തില്‍ തെറ്റുകാരെന്ന് മുദ്രകുത്തപ്പെടാറുണ്ട്. പല നിര്‍മാതാക്കളും എന്നോടും ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ട്. അതെല്ലാം തുറന്നു പറയണമെന്നു പല തവണ തോന്നിയിട്ടുമുണ്ട്. എങ്കിലും മുതലാളിമാരായതിനാല്‍ അവര്‍ക്കൊക്കെ ബഹുമാനം കൊടുത്തുകൊണ്ടേയിരിക്കുന്നു..വിഷ്ണു ട്വിറ്ററിലൂടെ തുറന്നടിച്ചു. 

ഏതൊരു നാണയത്തിനും രണ്ട് വശങ്ങളുണ്ട്. അതുപോലെ സിനിമയ്ക്കും. ചില നല്ല നിര്‍മാതാക്കള്‍ക്കൊപ്പവും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അഭിനേതാക്കള്‍ എന്ന നിലയില്‍ നമ്മളോടൊക്കെ ചെയ്യുന്ന അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. വികാരപരമായും ഔദ്യോഗികപരമായും ഭൗതികമായും.. വിഷ്ണു ട്വീറ്റ് ചെയ്യുന്നു.

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തില്‍ നിന്ന് നടി അമല പോള്‍ പിന്‍മാറുകയാണെന്ന വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി സിനിമാലോകത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ പിന്‍മാറിയതല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്താക്കിയതാണെന്നും അമല പോള്‍ കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. വിഎസ്പി 33 എന്ന് തല്‍ക്കാലം പേരിട്ടിരുന്ന ചിത്രത്തില്‍ തുടക്കത്തില്‍ നായികയായി പ്രഖ്യാപിച്ചത് അമലയുടെ പേരായിരുന്നു. പിന്നീട് അമലയ്ക്ക് പകരം മേഘ്ന ആകാശ് അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നു. തുടര്‍ന്നാണ് വിശദീകരണവുമായി അമല രംഗത്തു വന്നത്. അമല സഹകരിക്കുന്നില്ല എന്നാണ് അവര്‍ കാരണം പറയുന്നത്. ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്ന സിനിമയില്‍ താന്‍ പ്രതിഫലം ഉപേക്ഷിച്ചു. നിര്‍മ്മാതാവിനു വേണ്ടി പണം അങ്ങോട്ടു നല്‍കുകയും ചെയ്തു. ഒരിക്കലും തന്റെ ശമ്പളം തരണമെന്ന് പറഞ്ഞ് ഞാന്‍ കേസ് കൊടുത്തിട്ടില്ലെന്നും പ്രതിസന്ധഘട്ടങ്ങളില്‍ ഞാന്‍ വേണ്ടത്ര പിന്തുണ നിര്‍മാതാക്കള്‍ക്ക് നല്‍കിയിട്ടുമുണ്ടെന്നും അമല വ്യക്തമാക്കിയിരുന്നു. ആടൈ എന്ന ചിത്രത്തിനും താന്‍ ചെറിയ പ്രതിഫലമാണ് വാങ്ങിയതെന്നും അമല പറഞ്ഞിരുന്നു.

vishnu

Content Highlights : Vishnu Vishal's tweet about Amala Paul's press release