നാദിർഷ ആദ്യമായി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ചിത്രമാണ് അമർ അക്ബർ അന്തോണി. നടന്മാരായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ - ബിബിൻ ജോർജ് ടീം ആദ്യമായി തിരക്കഥയെഴുതിയ ചിത്രംകൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് ആരോടും പറയാതിരുന്ന ഒരു കാര്യം വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്തുക്കളിലൊരാളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. അമർ അക്ബർ അന്തോണിയിൽ സാജു നവോദയ (പാഷാണം ഷാജി) അവതരിപ്പിച്ച കഥാപാത്രം സലിം കുമാറിനുവേണ്ടി എഴുതിയതായിരുന്നെന്ന് വിഷ്ണു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ആദ്യമായി തിരക്കഥയെഴുതിയ സിനിമ അമർ അക്ബർ അന്തോണിയിൽ സലീമേട്ടന് നല്ലൊരു വേഷം എഴുതിയിരുന്നു. അന്ന് പക്ഷേ അദ്ദേഹത്തിന്റെ ശാരീരിക അസ്വസ്ഥതകൾ വെച്ച് ചെയ്യാൻ പറ്റാതാവുകയായിരുന്നു. ആ വേഷമാണ് പിന്നീട് സാജു നവോദയ ചെയ്ത ദുരന്തം പറയുന്ന കഥാപാത്രം. ഇക്കാര്യം ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. രണ്ടാമത്തെ തിരക്കഥ എഴുതിയപ്പോൾ അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയൊക്കെ ശരിയായി. അതാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിൽ ചെയ്തത്. യമണ്ടൻ പ്രേമകഥയിലും നല്ലൊരു വേഷമായിരുന്നു. പുതുതായി എഴുതിയ തിരക്കഥയിലും ഉ​ഗ്രൻ വേഷമാണ് സലീമേട്ടന്. വിഷ്ണു പറഞ്ഞു.

സത്യത്തിൽ സലീമേട്ടൻ ഒരു ലെജൻഡാണ്. ഒരിക്കലും മടുക്കില്ല. കുതിരവട്ടം പപ്പുവിനെ പോലെയൊക്കെ.  ഞങ്ങളുടെ ആദ്യ തിരക്കഥ മുതൽ സലീമേട്ടൻ ഇല്ലാതെ ഒന്നും എഴുതിയിട്ടില്ല. എനിക്ക് വളരേക്കാലം മുതൽ തന്നെ സലീമേട്ടനെ അറിയാം. എന്റെ ആദ്യ സിനിമ എന്റെ വീട് അപ്പൂന്റേം ആണ്. സലീമേട്ടനെ മൂങ്ങാ ചേട്ടാ എന്ന് വിളിക്കുന്ന രം​ഗമാണ് ആദ്യത്തേത്.  പിന്നെ എന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് മായാവി എന്ന സിനിമയിലാണ്. ഒറ്റ സീനേ ഉണ്ടായിരുന്നുള്ളൂ ആ സിനിമയിൽ. അത് സലീമേട്ടനെ ചീത്ത വിളിക്കുന്നതായിട്ടായിരുന്നു. പിന്നെ രാപ്പകൽ എന്ന സിനിമയിൽ ഉണ്ടായിരുന്നതും സലീമേട്ടനോടൊപ്പമുള്ള രം​ഗമായിരുന്നു. ആനവാൽ ചോദിക്കുന്ന സീൻ. 

തന്റെ തുടക്കസമയത്ത് വർഷത്തിലൊരിക്കൽ ഒരു സീൻ അല്ലെങ്കിൽ ഒരു ഷോട്ട് ഒക്കെയാണ് കിട്ടാറുണ്ടായിരുന്നത്. അതെല്ലാം സലീമേട്ടന്റെ കൂടെ ആയിരുന്നു എന്നുള്ളതുകൊണ്ട് അവയെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്നതാണ് സന്തോഷമുള്ള കാര്യമെന്നും വിഷ്ണു ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ആ വർഷത്തെ സൂപ്പർ ഹിറ്റുകളിലൊന്നായിരുന്നു അമർ അക്ബർ അന്തോണി.

Content Highlights: Vishnu Unnikrishnan about Salim Kumar Amar Akbar Anthony, Kattappanayile Rithwik Roshan