Photo | Youtube, NTV Entertainment
അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ പഠനച്ചെലവു വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുത്ത് തമിഴ് നടൻ വിശാൽ.
തന്റെ പുതിയ ചിത്രമായ 'എനിമി'യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പുനീതിന് ആദരമർപ്പിച്ച് തുടങ്ങിയ പരിപാടിയിൽ സംസാരിക്കവേയാണ് വിശാൽ ഇക്കാര്യം വ്യക്തമാക്കിയത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു പുനീത് രാജ്കുമാർ.
"പുനീത് നല്ലൊരു നടൻ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. സൂപ്പർസ്റ്റാറുകളിൽ ഇത്രയും വിനീതനായ മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അതിലെനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. പുനീത് നിർവഹിച്ചിരുന്ന 1800 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ അടുത്ത വർഷം മുതൽ അദ്ദേഹത്തിന് വേണ്ടി ഞാനേറ്റെടുത്ത് നടത്തുമെന്ന് ഇവിടെ പ്രതിഞ്ജ ചെയ്യുകയാണ്..." വിശാൽ വ്യക്തമാക്കി.
വെള്ളിയാഴ്ച്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീതിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. അച്ഛൻ ഡോ. രാജ്കുമാറിനും അമ്മ പാർവതാമ്മക്കും ഒപ്പം കണ്ഠീരവ സ്റ്റുഡിയോയിലാണ് പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്.
വിശാൽ–ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് 'എനിമി'. മംമ്ത മോഹൻദാസ്, മൃണാളിനി രവി, പ്രകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം നവംബർ നാലിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
content highlights : Vishal To Continue Puneeth Rajkumar’s Charity Work take care of 1800 students educational expenses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..