മുംബൈയില്‍ നടന്ന ജാഗരണ്‍ ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട് വൈറസ്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

മികച്ച ഇന്ത്യന്‍ ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരമാണ് വൈറസിന് ലഭിച്ചത്. ആഷിക്ക് അബു, മുഹ്‌സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ സംവിധായിക റിമാ ദാസിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മേളയില്‍ മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടത് റിമാ ദാസ് ആയിരുന്നു.

2018ല്‍ കേരളത്തെയാകെ വിറപ്പിച്ച നിപ വൈറസ് ബാധയാണ് ചിത്രം തുറന്നു കാട്ടിയത്. നിപയാണ് സിനിമയുടെ പ്രമേയമെന്നും ഒരുപാട് സിനിമയ്ക്കുള്ള കഥ അതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും അന്ന് കോഴിക്കോടുണ്ടായിരുന്ന പൊതുജീവിതത്തിന്റെ പരിച്ഛേദമാണ് വൈറസെന്നും ആഷിഖ് അബു പറഞ്ഞിരുന്നു. 

ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, രേവതി, ഇന്ദ്രജിത് , മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണിമ ഇന്ദ്രജിത്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ധീന്‍, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

നിപ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തില്‍ ചിത്രത്തിലെത്തുന്നത് ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജയായി വേഷമിട്ടത് രേവതിയായിരുന്നു.

മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. ആഷിഖും റിമയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കിയ ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരനായിരുന്നു. 

Content Highlights : virus movie bags best indian feature film award at jagran film festival mumbai