ലതാ മങ്കേഷ്‌കര്‍ അനശ്വരമാക്കിയ 'ഏക് പ്യാര്‍ കാ നഗ്മാ ഹെ' എന്ന ഗാനം പശ്ചിമബംഗാളിലെ റാണാഘട്ട് റെയില്‍വേസ്റ്റേഷനിലിരുന്ന് പാടി പ്രശസ്തയായ രാണു മൊണ്ടാലിനെ ആരും മറന്നു കാണില്ല. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആ ശബ്ദമാധുര്യം കേട്ട് നിരവധി പേരാണ് രാണുവിനെ കണ്ടെത്താൻ മുന്‍കൈയെടുത്തത്.
തുടര്‍ന്ന് ബോളിവുഡ് സംഗീതസംവിധായകന്‍ ഹിമേഷ് റെഷ്മിയ ഉള്‍പ്പെടെയുള്ളവര്‍ രാണുവിന് അവസരങ്ങളുമായെത്തി. സംഗീത റിയാലിറ്റി ഷോകളിലും സിനിമയിലുമൊക്കെ പാടാനും മലയാളത്തിലുള്‍പ്പടെ വിവിധ ഷോകളില്‍ അതിഥിയായി എത്താനും രാണുവിന് അവസരം ലഭിച്ചു.
എന്നാല്‍ ഇപ്പോള്‍ രാണു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ആരാധകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലാണ്. രാണുവിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ താരം ശകാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
രാണുവിനെ കണ്ട സന്തോഷത്തില്‍ കൈ പിടിച്ച ആരാധികയെ തന്നെ തൊട്ടതിന്റെ പേരില്‍ ശകാരിക്കുന്ന രാണുവിന്റെ വീഡിയോ സംഭവം പകര്‍ത്തിയ വ്യക്തി പ്രചരിപ്പിച്ചതോടെ താരത്തിനെതിരേ വിമര്‍ശനപ്പെരുമഴയാണ്. വന്ന വഴി മറക്കരുതെന്നും അവര്‍ മുന്‍പ് എവിടെയായിരുന്നോ അവിടെ ഇരിക്കാന്‍ മാത്രമേ ഇപ്പോഴും യോഗ്യതയുള്ളൂ എന്നുമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.
റാണാഘട്ടിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച് പിന്നീട് തെരുവിലെത്തിച്ചേര്‍ന്ന രാണുവിന്റെ പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതം മാധ്യമശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ജീവിതം സിനിമയാക്കാനും പദ്ധതികള്‍ ഉണ്ടായിരുന്നു. ബംഗാളി സംവിധായകനായ ഹൃഷികേശ് മൊണ്ഡലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒട്ടേറെ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ബംഗാളി നടി സുദീപ്ത ചക്രബര്‍ത്തിയാവും ചിത്രത്തില്‍ രാണുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക.
Content Highlights : Viral Singer Ranu Mondal Shouts at A Fan For Trying To Take Selfie With Her