കോവിഡ് മഹാമാരി വീണ്ടും ശക്തിപ്രാപിച്ചതോടെ രാജ്യം മുഴുവന്‍് കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ്. ആശുപത്രികളും വീടുകളും രോഗികളെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് വ്യക്തമാക്കുകയാണ് നടന്‍ വിരാഫ് പട്ടേല്‍.

തന്റെ വിവാഹത്തിന് മാറ്റിവച്ച പണം മുഴുവന്‍  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയാണ് വിരാഫ് മാതൃകയായിരിക്കുന്നത്. 

മെയ് 6 നായിരുന്നു നടന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. സലോനി ഖന്നയാണ് വധു. വിവാഹം ചടങ്ങിനായി മാറ്റി വച്ചിരുന്ന തുക മുഴുവന്‍ അദ്ദേഹം കോവിഡ് രോഗികള്‍ക്ക് സംഭാവന ചെയ്തു. 

നടന്റെ തീരുമാനത്തില്‍ ഇരു കുടുംബങ്ങള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പായിരുന്നു. എന്നാല്‍ താന്‍ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കിയെന്ന് വിരാഫ് പട്ടേല്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് രജിസ്റ്റര്‍ ഓഫീസില്‍ വിവാഹിതരായി. 150 രൂപയാണ് ആകെ തനിക്ക് ചെലവായതെന്ന് നടന്‍ പറയുന്നു. ആളുകള്‍ മരിച്ചു വീഴുന്ന അവസരത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല. മാത്രവുമല്ല അങ്ങനെ ചെയ്യുന്നത് മനഃസാക്ഷിയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ്. വിവാഹചടങ്ങുകളില്‍ അല്ല, വിവാഹ ജീവിതത്തിനാണ് പ്രസക്തി. ആഡംബരമായി വിവാഹം നടത്താന്‍ എനിക്ക് നേരത്തേയും പദ്ധതിയുണ്ടായിരുന്നില്ല. പക്ഷേ കോവിഡ് രൂക്ഷമായതോടെ ചെറിയ ആള്‍ക്കൂട്ടം പോലും ആഡംബരമായി തോന്നി. സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുറച്ചാളുകള്‍ക്കെങ്കിലും ആ തുക ഉപയോഗപ്പെടുമെന്ന് വിചാരിക്കുന്നു- വിരാഫ് പട്ടേല്‍ പറയുന്നു. 

Content Highlights: Viraf Patell, Saloni Khanna marriage, wedding fund donated to Covid Patients