മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത, പകരം വയ്ക്കാനാവത്ത അപൂർവം നടന്മാരിൽ ഒരാളാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. അദ്ദേഹം വിടവാങ്ങിയിട്ട് പതിനാല് വർഷം പിന്നിടുകയാണ്. ഒടുവിലിന്റെ ഓർമ ദിനത്തിൽ സംവിധായകൻ വിനോദ് ​ഗുരുവായൂർ പങ്കുവച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. അദ്ദേഹം ജീവിച്ചരുന്നപ്പോൾ പുറത്തു വന്ന അദ്ദേഹത്തിന്റെ മരണവാർത്തെയക്കുറിച്ചുള്ള അനുഭവമാണ് വിനോദ് പങ്കുവച്ചിരിക്കുന്നത്

വിനോദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
 
ഞാൻ അന്ന് വീട്ടിലായിരുന്നു... കാലത്ത് അഞ്ചുമണിക്ക് പതിവില്ലാതെ ഒരു ഫോൺകാൾ, മറുതലക്കൽ കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ഒരു ബാഡ് ന്യൂസ് ആണ്, ഒടുവിൽ ഉണ്ണിയേട്ടൻ മരിച്ചു എന്ന് ഒരു ന്യൂസ്‌ ഉണ്ട്. ചാക്കോച്ചൻ വിഷമത്തോടെ എന്നോട് ചോദിച്ചു... നീ അറിഞ്ഞിരുന്നോ.,  പാതി ഉറക്കത്തിൽ ഇത് കേട്ട് ഞാനും ആകെ ഷോക്കായി. ഇത് ശരിയാണോ എന്നറിയാൻ എന്താ ഒരു വഴി എന്ന് ചാക്കോച്ചൻ ചോദിച്ചു. ആ സമയത്ത് പുതിയ സിനിമയുടെ എഴുത്തുമായി ലോഹിതദാസും സത്യൻ അന്തിക്കാടും  ലക്കിടിയിലെ ലോഹിസാറിന്റെ വസതിയിൽ ഉണ്ട്. ഞാൻ നേരെ ലോഹിസാറിനെ വിളിച്ചു, കാര്യം പറഞ്ഞപ്പോൾ അവർ രണ്ടുപേരും ടെൻഷനിൽ ആയി. 

വിളിച്ചു പറഞ്ഞ ചാക്കോച്ചന് കിട്ടിയ വിവരം ഉറപ്പില്ലാത്തതിനാൽ, ആദ്യം ഇതൊന്ന് സത്യമാണോന്നന്വേഷിക്കാൻ എന്താ വഴിയെന്ന് ഞാൻ ലോഹി സാറിനോട് ചോദിച്ചു. ഉണ്ണിയേട്ടന്റെ വീട്ടിലേക്കു വിളിക്കുകയെ വഴിയുള്ളുവെന്നും.. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞ് സാർ ഫോൺ കട്ട്‌ ചെയ്തു. മോശമായ വാർത്ത സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ചു സാർ ഉണ്ണിയേട്ടന്റെ വീട്ടിലേക്കു വിളിച്ചു. റിങ്ങിന്റെ നീളം കൂടും തോറും രണ്ടുപേരും വിഷമത്തിലായി, പെട്ടന്ന് മറുതലക്കൽ ഫോൺ എടുത്തു. സാക്ഷാൽ ഉണ്ണിയേട്ടന്റെ ശബ്ദം... ഹെലോ... ആരാണ്...

ലോഹിസാറിന് ശ്വാസം നേരെ വീണത് അപ്പോളാണ്.. എന്താ ലോഹി ഇത്ര നേരത്തെ? എന്ത് പറയണം എന്നറിയാതെ ലോഹിസാർ പരുങ്ങി. മറുപടി ഒന്നും കേൾക്കാതായപ്പോൾ ഉണ്ണിയേട്ടൻ. 

ലോഹി.. ദൈവമായിട്ടാ തന്നെ ഇപ്പോൾ വിളിപ്പിച്ചത്, കാലത്ത് അത്യാവശ്യമായി ഒരു പതിനായിരം രൂപ വേണം ആരോട് ചോദിക്കും എന്നോർത്തിരിക്കുമ്പോളാണ് തന്റെ ഫോൺ.ഞാൻ ഒരാളെ അങ്ങോട്ട്‌ പറഞ്ഞ് വിടാം. മറുപടി കേൾക്കാൻ പോലും നില്കാതെ ഉണ്ണിയേട്ടൻ ഫോൺ വച്ചു.എപ്പോഴെങ്കിലും പണം കടം വാങ്ങിയാൽ കൃത്യ സമയത്തു തിരിച്ചു നൽകുന്ന ഉണ്ണിയേട്ടനോട് പണമില്ല എന്ന് പറയാൻ സാറിനും കഴിയുമായിരുന്നില്ല.  പിന്നീട് എനിക്കുള്ള ഊഴമായിരുന്നു , നിന്നോട് ഈ വാർത്ത ആരാണോ പറഞ്ഞത്... അവനോട് എന്റെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ ഇടാൻ പറ..

 ആ സന്ദർഭം മനസിലാക്കിയ ഞാൻ എന്നെ വിളിച്ചു പറഞ്ഞത് ആരാണെന്ന്  പറഞ്ഞില്ല. ഉണ്ണിയേട്ടൻ ആ പണം തിരിച്ചു കൊടുത്ത ദിവസം ഇതിനെല്ലാം കാരണക്കാരൻ ആരാണെന്ന് ലോഹിസാറിനോടും ഉണ്ണിയേട്ടനോടും ഞാൻ  പറഞ്ഞത്. വലിയൊരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. എന്നെ ഒരു അത്യാവശ്യ ഘട്ടത്തിൽ സഹായിച്ച ചാക്കോച്ചനോടുള്ള നന്ദി അറിയിക്കണം എന്ന് പറഞ്ഞാണ് ഉണ്ണിയേട്ടൻ അന്ന് പിരിഞ്ഞത്. ഇന്ന് ഉണ്ണിയേട്ടന്റെ  ഓർമ്മ ദിനം. 

Content Highlights : Vinod Guruvayoor remembers Oduvil Unnikrishnan on his death anniversary Kunchacko Boban