വിനീത് ശ്രീനിവാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിവിന്‍ പോളിയും സുഹൃത്തുക്കളും. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുഹൃത്തുക്കളുടെ തലവര തന്നെ മാറ്റിമറിച്ച വിനീതിന് നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനും അജുവര്‍ഗീസുമടക്കമുള്ള സുഹൃത്തുക്കള്‍ ആശംസകള്‍ നേര്‍ന്നത്. 

തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ സുഹൃത്തെന്നാണ് നിവിന്‍ പോളി തന്റെ ആശംസയില്‍ വിനീതിനെ വിശേഷിപ്പിച്ചത്. 'ചില ആളുകള്‍ നമ്മളെ സ്വാധീനിക്കുന്നത് വളരെ ആഴത്തിലായിരിക്കും. അവരെ കണ്ടുമുട്ടുന്നതോടെ ജീവിതത്തില്‍ തന്നെ വലിയമാറ്റങ്ങളാകും ഉണ്ടാവുക. അവര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ വല്ലാത്ത സുരക്ഷിതത്വം നമുക്ക് അനുഭവപ്പെടും. ബ്രൊ നിങ്ങള്‍ എനിക്ക് അത്തരത്തിലൊരു വ്യക്തിയാണ്.' നിവിന്‍ പോളി പറയുന്നു. 

ചെന്നൈയില്‍ താമസിക്കുമ്പോള്‍ ഭക്ഷണം കഴിക്കാനും സിനിമയ്ക്ക് പോകാനും ആഗ്രഹിക്കുമ്പോള്‍ ദൈവം പോലെ പ്രത്യക്ഷപ്പെട്ട സുഹൃത്താണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് വിനീത്. പട്ടിണിയും വിഷമങ്ങളും മാറ്റിയ വലിയ ആശ്വാസമേകിയ കൂട്ടുകാരന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് പറഞ്ഞാണ് അല്‍ഫോണ്‍സ് വിനീതിന് ജന്മദിനം ആശംസിച്ചിരിക്കുന്നത്. 

അല്‍ഫോണ്‍സ് പുത്രന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത അജു, നന്മമരമെന്ന് വിനീതിനെ കളിയാക്കുന്നവര്‍ക്കുള്ള മറുപടിയാണ് എത്തിയത്. വിനീതിനെ വിമര്‍ശിക്കുന്നവര്‍ അല്‍ഫോണ്‍സ് പുത്രന്‍ എഴുതിയത് അറിയണമെന്ന് പറഞ്ഞാണ് അജു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഇന്നു കാണുന്ന ഉയരത്തിലേക്ക് നിവിനേയും അജുവിനേയും കൈപിടിച്ചുയര്‍ത്തിയത് വിനീത് ശ്രീനിവാസനാണ്. വിനീതിന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് ഇരുവരും സിനിമലോകത്തേക്ക് എത്തുന്നത്.