വിനീത് ശ്രീനിവാസൻ കുടുംബത്തിനൊപ്പം Photo | https:||www.instagram.com|vineeth84|
മകളുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് വിനീത് ശ്രീനിവാസൻ. പ്രസവ വേദന തുടങ്ങിയ സമയം മുതൽ മകളുടെ ജനനം വരെ ഭാര്യ ദിവ്യയ്ക്കൊപ്പമുണ്ടായിരുന്ന അനുഭവം പങ്കുവച്ചാണ് വിനീതിന്റെ കുറിപ്പ്. താൻ കണ്ടതിൽ വച്ചേറ്റവും വലിയ യുദ്ധമായിരുന്നു അതെന്നും പോരാളിയാണ് മകൾ ഷനായയെന്നും വിനീത് കുറിക്കുന്നു
വിനീതിന്റെ കുറിപ്പ്
ഒരു വർഷം മുൻപ് ഒരു ബുധനാഴ്ച രാത്രി, ‘ഹൃദയത്തി’ലെ ഒരു പാട്ടിന്റെ കമ്പോസിംഗ് പൂർത്തിയാക്കി വൈറ്റിലയിൽ ഞങ്ങൾ താൽക്കാലികമായി വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിലേക്ക് ഞാൻ ഓടുകയായിരുന്നു. ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് ദിവ്യ പറഞ്ഞു അത് ഞങ്ങൾ പ്രതീക്ഷിച്ചതുമായിരുന്നു. കാരണം അവളുടെ ഡേറ്റ് ആയിരുന്നു. അന്ന് രാത്രി കനത്ത മഴ പെയ്തിരുന്നു. പുലർച്ചെ മൂന്നുമണിയ്ക്ക് ദിവ്യ ശുചിമുറിയിലേക്ക് പോവുന്നത് എന്റെ മങ്ങിയ കാഴ്ച്ചയിൽ ഞാൻ കണ്ടു. ഒന്നും മനസ്സിലാവാൻ കഴിയാത്തത്ര ഉറക്കത്തിലായിരുന്നു ഞാൻ. ഒരു മൂന്നരയായപ്പോൾ ദിവ്യ എന്റെ തോളിൽ തട്ടി പറഞ്ഞു, “വിനീത്, നമ്മുടെ കുഞ്ഞ് വരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.”
പതിനാലര മണിക്കൂറുളോളം നീണ്ട പ്രസവവേദന, അത്രയും സമയം ഞാനവളുടെ കൂടെയുണ്ടായിരുന്നു. ഞാനന്നേ വരെ കണ്ടതിൽ വച്ചേറ്റവും വലിയ യുദ്ധമായിരുന്നു അത്. അങ്ങനെ വൈകുന്നേരം അഞ്ചര മണിയോടെ പ്രിയങ്കയുടെയും ബർത്ത് വില്ലേജിലെ മറ്റു മിഡ് വൈഫുകളുടെയും സഹായത്തോടെ ഞങ്ങളുടെ കുഞ്ഞുസുന്ദരിയെ ദിവ്യ പുറത്തേക്ക് കൊണ്ടുവന്നു. ഈ ലോകത്തിലേക്ക് വരാൻ അവൾ വലിയ പോരാട്ടം നടത്തി, പോരാളിയാണവൾ. ഞാനിതുവരെ ജീവിതത്തിൽ കണ്ട എന്തിനേക്കാളും സുന്ദരിയാണ് അവൾ. ഇപ്പോൾ വാക്കുകൾ കൂട്ടിച്ചേർത്ത് ഉച്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് അവളെന്നെ ആദ്യമായി ‘പപ്പ’ എന്നു വിളിച്ചു. വിഹാനെ പോലെ, പ്രഭാതസൂര്യന്റെ ആദ്യകിരണമാണ് ‘ഷനായ’യും. ഇന്ന് ഒക്ടോബർ മൂന്ന് അവളുടെ ആദ്യ ജന്മദിനമാണ്.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2012 ലാണ് വിനീത് സഹപാഠിയായ ദിവ്യയെ താലിചാർത്തുന്നത്. ദിവ്യയെ പ്രൊപ്പോസ് ചെയ്തതും ഇരുവരുടേയും പ്രണയവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെ വിനീത് ആരാധകരുമായി പങ്കുവച്ചിരുന്നു.
2017ലാണ് ഇരുവർക്കും ആൺകുഞ്ഞു ജനിക്കുന്നത്. .വിഹാൻ എന്നാണ് മകന്റെ പേര്. 2019 ൽ ഇരുവർക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്
Content Highlights : Vineeth Sreenivasan about daughter Shanaya On her Birthday Divya Vineeth Kids Vihaan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..