ആർ.എൽ.വി രാമകൃഷ്ണൻ കലാഭവൻ മണിയ്ക്കൊപ്പം, വിനയൻ| Photo: facebook.com|directorvinayan|
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ഡോ. ആര്.എല്‍.വി രാമകൃഷ്ണനെ അമിതമായ അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സംവിധായകൻ വിനയൻ. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് ഇദ്ദേഹത്തെ അദ്ദേഹത്തിന്റെ സ്ഥാപനമായ കുന്നിശേരി രാമന് കലാഗൃഹത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കറുകുറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനുള്ള രാമകൃഷ്ണന്റെ അപേക്ഷ സംഗീത നാടക അക്കാദമി തള്ളിയതുമായി ബന്ധപ്പെട്ട് അടുത്തിടെ ചില വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ആര്.എല്‍.വി രാമകൃഷ്ണന് ചില പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. ആത്മഹത്യാശ്രമമാണെന്നാണ് നിഗമനം. സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വിവാദവുമായി ബന്ധപ്പെട്ട് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ആർ.എൽ.വി രാമകൃഷ്ണൻ ഒരു ഫെയ്സ്ബുക്ക് പോസ്റ്റും പങ്കുവച്ചിരുന്നു.
നൃത്തത്തിനു വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേൽ മാനസികമായി വേദനിപ്പിക്കണമായിരുന്നോ എന്ന് വിനയൻ ചോദിക്കുന്നു.
വിനയന്റെ കുറിപ്പ് വായിക്കാം
കലാഭവൻ മണിയുടെ അനുജൻ രാമകൃഷ്ണൻ ആത്മഹത്യാശ്രമം നടത്തി എന്ന വാർത്ത ഞെട്ടലോടെ ആണ് ഇന്നലെ വാർത്താ മാധ്യമങ്ങളിലൂടറിഞ്ഞത്.. കുറച്ചു ദിവസങ്ങളായി സംഗീത നാടക അക്കാദമി നടത്തുന്ന മോഹിനിയാട്ട കലോൽസവത്തിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതിൽ രാമകൃഷ്ണൻ ഏറെ ദുഖിതനായിരുന്നു.. മോഹിനിയാട്ടത്തിൽ പി,എച്ച്.ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ഷ്ണൻ.. നൃത്തത്തിനു വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേൽ മാനസികമായി വേദനിപ്പിക്കണമായിരുന്നോ? പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികയ്കു നാൽപ്പതുവട്ടം പറയുന്ന അധികാരികൾ , ഒരു ദളിത് കലാകാരനായ രാമകൃഷ്ണൻ സംഗീതനാടക അക്കാദമിയുടെ മുന്നിൽ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലന്നാണോ?
സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്... കീഴ് വഴക്കമാണങ്കിൽ അത്തരം വിവേചനപൂർണ്ണമായ കീഴ് വഴക്കങ്ങൾ പലതും മാറ്റിയിട്ടില്ലേ.. ഈ നാട്ടിൽ? പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരൻമാരുടെ കൈയ്യിൽ നിന്നും അതു വീണ്ടെടുക്കാൻ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരൻമാരുടെ മുന്നിൽ കളിച്ച നൃത്തത്തിൻെറ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി പറയാറുണ്ട്.. അങ്ങനെയാണങ്കിൽ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷൻമാർ കളിക്കുന്നതിൽ എന്താണ് തെറ്റ് എന്നു ചിന്തിച്ചു കൂടെ? ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്... ഇന്നു തന്നെ ബഹുമാന്യയായ കെ.പി,എ.സി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെ...
കലാഭവൻ മണിയുടെ അനുജൻ രാമകൃഷ്ണൻ ആത്മഹത്യാശ്രമം നടത്തി എന്ന വാർത്ത ഞെട്ടലോടെ ആണ് ഇന്നലെ വാർത്താ മാദ്ധ്യമങ്ങളിലൂടറിഞ്ഞത്.....
Posted by Vinayan Tg on Saturday, 3 October 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..