മിന്നൽ മുരളി എന്ന സിനിമയ്ക്കായി ആലുവ മണപ്പുറത്ത് ഒരുക്കിയ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജറംഗദൾ പ്രവർത്തകർ തകർത്ത സംഭവത്തിൽ പ്രതിഷേധവുമായി സംവിധായകൻ വിനയൻ.  മരണഭയത്തിന്റെ നാളുകളിലും ഇത്തരം ക്രിമിനൽ മാനസികാവസ്ഥ ആളുകൾക്ക് എങ്ങനെയുണ്ടാകുന്നു എന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സിനിമാ സെറ്റിനോടും വേണോ ഈ അസഹിഷ്ണുത!

‌‘നമ്മുടെ നാടിന് ഇതെന്തു പറ്റി എന്നോർത്ത് തലയിൽ കൈവച്ചു പോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്.  "മിന്നൽ മുരളി" എന്ന സിനിമയ്ക്കു വേണ്ടി ഒരു പള്ളിയുടെ സെറ്റിടാൻ അമ്പലക്കമ്മിറ്റിക്കാരുടെ അനുവാദം വാങ്ങുകയും വാടക അടയ്ക്കുകയും ചെയ്തശേഷമാണ് ആ ജോലി ചെയ്തത്. കോവിഡ് ദുരന്തം വന്നതു മൂലം ‌ഷൂട്ടിങ്ങിലുണ്ടായ കാലതാമസം ക്ഷേത്ര കമ്മിറ്റിക്കാരെ ബോധ്യപ്പെടുത്തുകയും അവരും പഞ്ചായത്തുമെല്ലാം പൂർണ്ണ പിന്തുണ തരികയും ചെയ്തു എന്നാണ് ചിത്രത്തിന്റെ നിർമാതാവായ ശ്രീമതി സോഫിയ പോളിനോടു ഞാൻ സംസാരിച്ചപ്പോൾ അവർ പറഞ്ഞത്. 

എന്നിട്ടും ഇങ്ങനൊരതിക്രമം ഉണ്ടായെങ്കിൽ അതിനെതിരേ ക്ഷേത്രകമ്മിറ്റി തന്നെ ആദ്യം നിയമ നടപടിക്കു പോകേണ്ടതാണ്. മനുഷ്യൻ മരണഭയം പൂണ്ടോടുന്ന നാളുകളിൽ ഇത്തരം ക്രിമിനൽ മാനസികാവസ്ഥ ആളുകൾക്ക് എങ്ങനുണ്ടാവുന്നു എന്നു മനസ്സിലാവുന്നില്ല. ചിത്രത്തിന്റെ നിർമാതാവ് ശ്രീമതി സോഫിയയ്ക്കും, നടൻ ടൊവിനൊയ്ക്കും, സംവിധായകൻ ബേസിലിനും ടീമിനും ഐക്യദാർഢ്യം പങ്കുവയ്ക്കുന്നതോടൊപ്പം,  കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ എത്തിക്കാനുള്ള നടപടി പോലീസ് കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നു.’ വിനയൻ കുറിച്ചു

സിനിമാരം​ഗത്തുള്ളവരടക്കം  നിരവധി പേരാണ് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി രം​ഗത്തെത്തിയത്. അതേസമയം സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് നേതൃത്വം നൽകിയ കാരി രതീഷ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. 

Content Highlights : Vinayan On Minnal Murali Issue Tovino Thomas Basil Joseph