ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. ഈശോ എന്ന പേര് മാറ്റാൻ നാദിർഷ തയ്യാറാണെന്ന് പറയുകയാണ് വിനയൻ. ചിത്രത്തിൻറെ പുതിയ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ തനിക്കും ഇതേക്കുറിച്ച് നിരവധി മെസേജുകൾ ലഭിച്ചിരുന്നുവെന്നും അക്കാര്യം നാദിർഷയോട് പറയാനായി വിളിച്ചപ്പോഴാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞതെന്നും വിനയൻ വ്യക്തമാക്കി.

മമ്മൂട്ടിയെ നായകനാക്കി താൻ സംവിധാനം ചെയ്ത രാക്ഷസരാജാവ് എന്ന ചിത്രത്തിന് ആദ്യം പേരിട്ടത് രാക്ഷസരാമൻ എന്നായിരുന്നുവെന്നും ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ തങ്ങൾ തയ്യാറായതെന്നും വിനയൻ പറയുന്നു.

വിനയൻ പങ്കുവച്ച കുറിപ്പ്

വിവാദങ്ങൾ ഒഴിവാക്കുക, നാദിർഷാ 'ഈശോ' എന്ന പേര് മാറ്റാൻ തയ്യാറാണ്. 'ഈശോ' എന്ന പേര് പുതിയ സിനിമയ്ക്ക് ഇട്ടപ്പോൾ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക് ആ പേര് മാറ്റാൻ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു. ആ ചിത്രത്തിൻറെ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു. 2001ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച 'രാക്ഷസരാജാവ്' എന്ന ചിത്രത്തിൻറെ പേര് 'രാക്ഷസരാമൻ' എന്നാണ് ആദ്യം ഇട്ടിരുന്നത്. പുറമെ രാക്ഷസനെപ്പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകൻറെ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേര് ഞാൻ ഇട്ടത്. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്.

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവൻറെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല. അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതൻറെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റേതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ? ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇൻററസ്റ്റിംഗ് ആക്കാം. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കൂടേ നാദിർഷാ എന്ന എൻറെ ചോദ്യത്തിന് 'സാറിൻറെ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു, പേരു മാറ്റാം' എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പുതിയ പേരിനായി നമുക്കു കാത്തിരിക്കാം. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ.

ചിത്രത്തിൻറെ പേര് വിശ്വാസികളെ മുറിവേൽപ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗം രംഗത്തെത്തിയത്. എന്നാൽ ഈ പേരിന് ദൈവപുത്രനായ ജീസസുമായി യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു കഥാപാത്രത്തിൻറെ പേര് മാത്രമാണെന്നും നാദിർഷ പ്രതികരിച്ചിരുന്നു. അതിനാൽത്തന്നെ ചിത്രത്തിൻറെ പേര് മാറ്റാനില്ലെന്നും 'നോട്ട് ഫ്രം ദി ബൈബിൾ' എന്ന ടാഗ് ലൈൻ പേരിനൊപ്പം ചേർക്കുമെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

Content Highlights : Vinayan About Esho Movie Controversy Nadirshah Jayasurya