കൊച്ചി: മികച്ച നടനുള്ള പുരസ്‌കാരം തനിക്കാണെന്ന വാര്‍ത്ത തീര്‍ത്തും വികാരഭരിതനായാണ് വിനായകന്‍ സ്വീകരിച്ചത്.

അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചിയിലെ വീട്ടിലേക്ക് വിനായകനെത്തുമ്പോള്‍ വന്‍മാധ്യമസംഘം തന്നെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു.എന്നാല്‍ വീട്ടിലെത്തി അമ്മയെ കാണാനായിരുന്നു വിനായകന് ധൃതി.

 നാട്ടുകാരും സുഹൃത്തുകളുടേയും ആരവങ്ങള്‍ക്ക് നടുവില്‍ വീട്ടിലെത്തിയ വിനായകന്‍ അമ്മയ്ക്കും മറ്റു ബന്ധുകള്‍ക്കുമൊപ്പാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

''അവാര്‍ഡ് ലഭിച്ചതിന് ഏറ്റവും നന്ദി കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവിയോടും നിര്‍മ്മതാവ് പ്രേം സാറിനോടുമാണ്. ഇത്രയും കാലം ഞാനത് എവിടെയും പറഞ്ഞിരുന്നില്ല. ഈ അവാര്‍ഡ് വരാന്‍ വേണ്ടി കാത്തുനിന്നതാണ്. അവര്‍ കാരണമാണ് എനിക്ക് ഈ സിനിമയില്‍ അവസരം ലഭിച്ചത്. മരിക്കും വരെ ഇനിയും അഭിനയിക്കും.''

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് എനിക്ക് അവാര്‍ഡ് തരാത്തതിന് ഈ വര്‍ഷം തുടങ്ങിയത് മുതല്‍ സോഷ്യല്‍മീഡിയയിലും മറ്റും വലിയ പ്രതിഷേധമാണുണ്ടായത്. അതിനെല്ലാമുള്ള മറുപടിയായാണ്, ജനങ്ങളുടെ വിധിയെഴുത്താണ് ഈ അവാര്‍ഡ്...... അവസാനനിമിഷം വരെ പിന്തുണച്ച് ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് വിനായകന്‍ പറഞ്ഞു.

നേരത്തെ പല സിനിമാ അവാര്‍ഡുകളും വിനായകന് ലഭിക്കാത്തതില്‍ വലിയ പ്രതിഷേധമായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. മലയാളി സിനിമാപ്രേക്ഷകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡിസോ ക്ലബ് ആദ്യമായി ചലച്ചിത്രപുരസ്‌കാരങ്ങള്‍ നല്‍കിയപ്പോള്‍. വന്‍ ജനപിന്തുണയോടെയായിരുന്നു വിനായകന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. 

വിനായകനെ പോലുള്ള പ്രതിഭകള്‍ താരമൂല്യത്തിന്റേയും സൗന്ദര്യത്തിന്റേയും പേരില്‍ അവഗണിക്കപ്പെടുന്നതിനെ വിമര്‍ശിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍പി സജീഷ് എഴുതിയ 
വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍ എന്ന ലേഖനത്തിനും  ഇക്കുറി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.