കൊച്ചി:  64 ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മലയാളത്തില്‍ നിന്ന് മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയ വിനായകനും പരിഗണനയില്‍. ദക്ഷിണേന്ത്യന്‍ സിനിമകളുടെ പ്രാദേശിക ജൂറികള്‍ സമര്‍പ്പിച്ച പട്ടികയിലാണ് വിനായകന്റെ പേരും ഇടംപിടിച്ചിരിക്കുന്നത്. ബാലാജി, ആര്‍.എസ്. വിമല്‍ എന്നിവര്‍ പ്രാദേശിക ജൂറി ചെയര്‍മാന്‍മാരാണ്. സംവിധായകന്‍ പ്രിയദര്‍ശനാണ് ദേശീയ ചലച്ചിത്ര നിര്‍ണയ സമിതിയുടെ അധ്യക്ഷന്‍. 

മലയാളത്തില്‍ നിന്ന് പത്തു സിനിമകളാണ് ഇത്തവണ പ്രാദേശിക ജൂറി വിവിധ ഇനങ്ങളിലുള്ള പുരസ്‌ക്കാരങ്ങള്‍ക്കായി നിര്‍ദേശിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം, സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍ എന്നിവരുടെ ഒറ്റയാള്‍ പാത, രാജീവ് രവിയുടെ കമ്മട്ടിപ്പാടം, ജോണ്‍പോള്‍ ജോര്‍ജിന്റെ ഗപ്പി, ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം, അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും, അനില്‍ തോമസിന്റെ മിന്നാമിനുങ്ങ്, വിനോദ് മങ്കരയുടെ കാംബോജി എന്നിവയാണ് പ്രാദേശിക ജൂറി നിര്‍ദേശിച്ചിരിക്കുന്ന ചിത്രങ്ങള്‍.

63ാമത് ദേശിയ ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മലയാളത്തിന് നാല് പുരസ്‌ക്കാരങ്ങളും ഒരു പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു. മികച്ച സംഗീത സംവിധായകന്‍, മികച്ച ബാലതാരം, മികച്ച പരിസ്ഥിതി ചിത്രം എന്നിവയായിരുന്നു മലയാളത്തിന് ലഭിച്ച പുരസ്‌ക്കാരങ്ങള്‍. ഇവയ്ക്കൊപ്പം സുസു സുധി വാത്മീകം, ലുക്കാച്ചുപ്പി എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടിയത് മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തി. കഴിഞ്ഞ എട്ടു നോമിനേഷനുകളില്‍ നിന്നാണ് നാല് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചതെങ്കില്‍ ഇത്തവണ കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.