ഇന്ന് സമൂഹത്തില്‍ സജീവമായ മീ ടൂ മൂവ്‌മെന്റില്‍ നിലപാട് വ്യക്തമാക്കി നടന്‍ വിനയ് ഫോര്‍ട്ട്. ആര്‍ക്കും ആര്‍ക്കെതിരേയും മീ ടു ആരോപണം ഉന്നയിക്കാം എന്ന അവസ്ഥ വരാതെ ജെനുവിനായിട്ട് നിങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരേ പ്രതികരിക്കാനുള്ള പ്ലാറ്റ്‌ഫോം ആയി മീ ടുവിനെ കാണണമെന്നും വിനയ് പറഞ്ഞു. ജമേഷ് കോട്ടക്കല്‍ അവതരിപ്പിക്കുന്ന ജമേഷ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിനയിന്റെ വാക്കുകള്‍

എവിടെ ആയിക്കഴിഞ്ഞാലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം എന്ന് പറയുന്നത്, ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുക എന്ന് പറയുന്നത് വളരെ മോശമായ പ്രവണത തന്നെയാണ്. ഞാന്‍ വിശ്വസിക്കുന്നത് നമ്മുടെ സന്തോഷത്തിന്റെ ഡെഫനിഷന്‍ എന്നത് നമുക്കിഷ്ടമുള്ള തരത്തില്‍ ലോകത്ത് ജീവിക്കാന്‍ സാധിക്കണം എന്നുള്ളതാണ്. പക്ഷെ അത് മൂന്നാമതൊരാളെ ഉപദ്രവിച്ചിട്ടാകരുത്. അങ്ങനെ നമ്മുടെ ഒരു സ്വാര്‍ത്ഥതയ്ക്ക് വേണ്ടി വേറൊരാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടണം, അവര്‍ പിടിക്കപ്പെടണം. 

മീടൂവിനെ പോസിറ്റീവ് ആയി എടുക്കണം. ആര്‍ക്കും ആര്‍ക്കെതിരെ വേണമെങ്കിലും മീ ടൂ ആരോപണം ഉന്നയിക്കാം എന്ന നെഗറ്റീവ് ആസ്‌പെക്ട് ഒഴിവാക്കണം. ജെനുവിനായിട്ട് നിങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഇതിനെ ഒരു പ്ലാറ്റഫോം ആയി കണ്ട് ആ വ്യക്തിക്കെതിരേ പ്രതികരിക്കുകയാണെങ്കില്‍ അതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.  മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയെക്കുറിച്ചും താരം പ്രതികരിച്ചു.

ഡബ്ല്യൂസിസി എന്ന സംഘടനയില്‍ നമ്മുടെ സുഹൃത്തുക്കള്‍ ഒക്കെ തന്നെയാണ് കൂടുതലും. കുറച്ചു വ്യക്തികളെയാണ് ഡബ്ല്യൂസിസിയില്‍ പ്രത്യക്ഷത്തില്‍ കാണുന്നത്. സിനിമയുമായി ബന്ധപ്പെട്ടുള്ള എല്ലാ സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ ഇവരിലേക്കെത്തുകയും അത് സോള്‍വ് ചെയ്യാന്‍ സാധിക്കുന്ന ഒരു ഓര്‍ഗനൈസേഷന്‍ ആയി ഇവര്‍ മാറുകയും ചെയ്തുകഴിഞ്ഞാല്‍ ഇവര്‍ വിജയിച്ചു. ഇതൊരിക്കലും മുന്നില്‍ നില്‍ക്കുന്ന ചിലരുടെ മാത്രം പ്രശ്‌നമാകരുത്. ഈ പറയുന്ന പത്തോ പതിനഞ്ചോ ആളുകളുടെ  ഒരു കമ്മ്യൂണിറ്റി, അല്ലെങ്കില്‍ ഒരു ഹയര്‍ സൊസൈറ്റിയില്‍ ഇരിക്കുന്ന സ്ത്രീകള്‍ അനുഭവിയ്ക്കുന്ന പ്രശ്‌നങ്ങള്‍ മാത്രം സോള്‍വ് ചെയ്യുന്ന ഒന്നാകരുത്. 

ഞാന്‍ പുറത്തു നിന്ന് നോക്കുമ്പോള്‍ ഇന്‍ഡസ്ട്രിയില്‍ അത്യാവശ്യം ഹോള്‍ഡ് ഉള്ള, ഏറ്റവും എമിനന്റ് ആയിട്ടുള്ള ഒരു പറ്റം ആളുകളാണ് ഇപ്പോള്‍ ഡബ്ല്യുസിസിയില്‍ ഉള്ളത്. അവര്‍ക്ക് പവര്‍ ഉണ്ട്. അവര്‍ പറഞ്ഞാല്‍ ഈ നാട്ടിലെ ആളുകള്‍ കേള്‍ക്കും. അവരുടെ ഭാഗത്ത് പല നിങ്ങളും ശരികളുമുണ്ട്. 

പക്ഷെ അവര്‍ക്ക് സാധാരണക്കാരായ സിനിമാപ്രവര്‍ത്തകരെയും സഹായിക്കാന്‍ സാധിക്കണം. അതായത് ഇപ്പോള്‍ സെറ്റില്‍ ചായ കൊണ്ടുവരുന്ന ചേച്ചിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അതില്‍ ഇടപെടാനുള്ള കഴിവ് ഉണ്ടാകട്ടെ, ശക്തി ഉണ്ടാകട്ടെ...അത് ഒരു ആശംസയാണ്. കാരണം, അങ്ങനെ വന്നാല്‍ അത് ഈ മേഖലയിലെ സ്ത്രീകള്‍ക്ക് വല്ലാത്ത സുരക്ഷിതത്വം നല്‍കും.വിനയ് പറയുന്നു. 

Content Highlights : Vinay Fort On Me Too WCC Jamesh Kottakkal Show Vinay Forrt Actor Movies