കൊച്ചി: വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിനയ് ഫോര്‍ട്ട് സോളമന്റെ ഉത്തമഗീതത്തിലൂടെ എ.ടി.എം കാവല്‍ക്കാരനാകുന്നു.

ഹൈറേഞ്ചിലെ എ.ടി.എം കൗണ്ടറിന്റെ കാവല്‍ക്കാരനായ സോളമന്റെ ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയാകുന്നത്. ലൗ, സസ്പെന്‍സ്, ത്രില്ലറായിരിക്കും ചിത്രമെന്ന് തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നായികയെ നിശ്ചയിച്ചിട്ടില്ല. 

നവാഗതനായ അനീബ് സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് അനീഷ് രാജനാണ്. 'ലോകത്തിലെ കള്ളത്തരങ്ങള്‍ എല്ലാം സോളമന് അന്യനാണ്. വളരെ സത്യസന്ധനായി ജീവിക്കുന്ന ഒരാളാണിത്. ബൈബിളിലെ സോളമനെ പോലെ നന്മയുള്ള സിനിമയിലെ സോളമന്‍ സത്യം മാത്രം പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്'- കൃഷ്ണാ പൂജപ്പുര പറഞ്ഞു. 

ഇതിന് മുന്‍പ് ഞാന്‍ കൃഷ്ണേട്ടനൊപ്പം വര്‍ക്ക് ചെയ്തത് ഹലോ നമസ്തയിലാണ്. ആളുകളോട് പെട്ടെന്ന് കണക്ട് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സിംപിളായ കഥ പറയുന്ന ആളാണ് അദ്ദേഹം. സോളമന്റെ ഉത്തമഗീതത്തിലെ സോളമനും ഒട്ടും കോംപ്ലെക്സായ കഥാപാത്രമല്ല. നമ്മുടെ നാട്ടില്‍ കാണുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാളാണ് സോളമന്‍. അയാളുടെ ജീവിതകഥയാണ് സിനിമയാക്കുന്നത്. എന്റെ സുഹൃത്ത് കൂടിയാണ് അനീബ്- വിനയ് ഫോർട്ട് മാതൃഭൂമി ഡോട്ടകോമിനോട് പറഞ്ഞു,

ഹാപ്പി ഹസ്ബെന്‍ഡ്സ്, ഹസ്ബെന്‍ഡ്സ് ഇന്‍ ഗോവ, ഹലോ നമസ്തെ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ കൃഷ്ണയുടെ പതിമൂന്നാമത്തെ ചിത്രമാണ് സോളമന്റെ ഉത്തമഗീതം. ജനവരി ആദ്യം ഷൂട്ടിങ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ തൊടുപുഴയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുന്‍പ് നായികയെ തീരുമാനിക്കേണ്ടതുണ്ട്. എറണാകുളം, മയ്യഴി, കോഴിക്കോട്, ഊട്ടി എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നിശ്ചയിച്ചിരിക്കുന്നത്. 

കിസ്മത്തിലെ പരുക്കന്‍ പോലീസ് ഓഫീസറുടെ വേഷത്തിന് ശേഷം നിലവില്‍ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലാണ് വിനയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഐ.എഫ്.എഫ്.കെയില്‍ വിനയ് ഫോര്‍ട്ടിന്റെ മൂന്ന് സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്.