യുവസംവിധായകനായ അല്‍ഫോന്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങുകള്‍ക്കിടെ നടന്‍ വിനയ് ഫോര്‍ട്ടിനെ നടന്മാരായ ടൊവിനോ തോമസും രമേശ് പിഷാരടിയും അവഗണിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളും വീഡിയോകളും കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

ഇതിനെത്തുടര്‍ന്ന് ടൊവിനോയ്ക്കും രമേഷിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇപ്പോള്‍ ഈ വിഷയത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. വീഡിയോകളിലും വാര്‍ത്തകളിലും കാണുന്നത് പോലെ യാതൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്നും അത് തെറ്റിദ്ധാരണ ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയെടുത്ത വീഡിയോ ആണെന്നും വിനയ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

ഇതിനെത്തുടര്‍ന്ന് ടൊവിനോയ്ക്ക് നിറയെ മോശം കമന്റുകള്‍ ലഭിച്ചുവെന്നും അവര്‍ ഇരുവരും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ആര്‍ക്കും മാനസികമായ വിഷമങ്ങള്‍ ഇല്ലാതിരിക്കാന്‍ എത്രയും പെട്ടെന്ന് വീഡിയോ കളയണമെന്നും വിനയ് ആവശ്യപ്പെട്ടു. 

വിനയിന്റെ വാക്കുകള്‍

'കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആ വീഡിയോയിലെ കണ്ടന്റ് എന്റെ അടുത്ത സുഹൃത്തുക്കളായ ടൊവിനോ തോമസും രമേഷ് പിഷാരടിയും ഒരു ചടങ്ങില്‍ വച്ച് എന്നെ മൈന്‍ഡ് ചെയ്തില്ല, അപമാനിച്ചു എന്നുള്ള തരത്തില്‍ എഡിറ്റ് ചെയ്ത ഒരു വീഡിയോ ആണ്. അത് തീര്‍ത്തും വ്യാജമായ വീഡിയോ ആണ്. 

അവിടെ വച്ച് നമ്മള്‍ കാണുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമുള്ള ഒരു മീറ്റിങ് ആണ് കണ്ടത്. അത് ഒരു ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കി എടുത്ത വീഡിയോ ആണ്. ഞാന്‍ അത് കാണുകയും  തമാശ ആയി എടുക്കുകയും ചെയ്ത ഒന്നാണ്.

പക്ഷേ കഴിഞ്ഞ ദിവസം ടൊവിനോയെ ഞാന്‍ കണ്ടിരുന്നു. ആ വീഡിയോയുടെ പേരില്‍ അദ്ദേഹത്തിന് ഒരുപാടു ഹേറ്റ് മെസേജുകള്‍ ലഭിക്കുന്നുണ്ടെന്നും അറിഞ്ഞു. അത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ആ വീഡിയോ ഉണ്ടാക്കാന്‍ ക്രിയേറ്റിവിറ്റി കാണിച്ച ആ ചേട്ടനോട് എനിക്കൊന്നേ പറയാനുള്ളൂ  നിങ്ങള്‍ എത്രയും പെട്ടെന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യുക. എന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക. ആ വീഡിയോ കണ്ട സുഹൃത്തുക്കളോട് പറയാനുള്ളത് ഒന്നേയുളൂ, ഇതില്‍ യാതൊരു സത്യാവസ്തയും ഇല്ല. ഇവര്‍ എന്റെ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്തുക്കളാണ്'. ടൊവിനോ പറയുന്നു .

എന്നാല്‍ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനല്‍ ആ ഭാഗം എഡിറ്റ് ചെയ്ത് കളയുകയും താരങ്ങള്‍ക്കെതിരേയുള്ള കമന്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Content Highlights: Vinay Forrt About Tovino Ramesh Pisharody vinay fort facebook live video