വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രം വിക്രം വേദ ഹിന്ദി റീമേയ്ക്കിന് തുടക്കമായി.  ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനുമാണ് ഹിന്ദിയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങി. 

ചിത്രം തമിഴിലൊരുക്കിയ ഗായത്രി-പുഷ്‌കര്‍ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. 

ചിത്രത്തില്‍ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനെത്തും. നേരത്തേ ആമീര്‍ ഖാനെയാണ് ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. ആമീറിന് പകരമാണ് ഹൃത്വിക് എത്തിയത്. 2002ല്‍ പുറത്തെത്തിയ 'ന തും ജാനോ ന ഹം' എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് ഋത്വിക്കും സെയ്‍ഫും ഒരുമിച്ചെത്തിയത്. 

നിയോ - നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമായി 2017ൽ പുറത്തിറങ്ങിയ വിക്രം വേദയിൽ ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തിയത്. 

നായകന്‍- വില്ലന്‍ എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ പൊളിച്ചടുക്കുന്നതായിരുന്നു വിക്രം വേദയുടെ പ്രമേയം. ബോക്സ് ഓഫീസിലെ തകര്‍പ്പന്‍ വിജയത്തോടൊപ്പം മികച്ച നിരൂപക പ്രശംസയും ചിത്രം കരസ്ഥമാക്കി. 

Content Highlights: Vikram Vedha Hindi Remake Hrithik Roshan and saif ali khan In lead roles