ടന്‍ ചിയാന്‍ വിക്രമും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന സിനിമ അണിയറിലെന്ന് റിപ്പോര്‍ട്ടുകള്‍. പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ലോക്ക്ഡൗണിന് ശേഷം ആരംഭിക്കുമെന്നും സൂചനയുണ്ട്.

വിക്രമിന്റെ കരിയറിലെ 60-ാമത്തെ സിനിമയായിരിക്കുമിത്. ഗാങ്‌സ്റ്റര്‍ ഡ്രാമ ഗണത്തില്‍പ്പെട്ട സിനിമയുടെ അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സെവന്‍ സ്‌ക്രീന്‍ സ്റ്റൂഡിയോയാണ് സിനിമ നിര്‍മിക്കുന്നത്.

വിക്രമിന്റെ ഇരുമുഖന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് കാര്‍ത്തിക് പുതിയ സിനിമയുടെ തിരക്കഥ വിക്രമുമായി ചര്‍ച്ചചെയ്തത്. ചെന്നൈയില്‍ തന്നെ ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി വിവരങ്ങളൊന്നും ലഭ്യമല്ല.

ധനുഷ് നായകനായ ജഗമേ തന്തിരമാണ് കാര്‍ത്തിക് സുബ്ബരാജിന്റെ ഇറങ്ങാനിരിക്കുന്ന സിനിമ. മേയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. 

അതേസമയം കോബ്രയാണ് വിക്രമിന്റെ റിലീസ് കാത്തിരിക്കുന്ന സിനിമ. അജയ് ജ്ഞാനമുത്തുവാണ് സിനിമയുടെ സംവിധാനം. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താൻ വില്ലന്‍ വേഷത്തില്‍ സിനിമ ഇര്‍ഫാന്റെ അരങ്ങേറ്റ സിനിമ കൂടിയാണ്. 25 വ്യത്യസ്ത വേഷത്തിലാണ് വിക്രം കോബ്രയില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. ശ്രീനിധി ഷെട്ടിയാണ് നായിക. 

ഇതുകൂടാതെ മണിരത്‌നം സംവിധാനം ചെയ്യുന്ന ഏവരും കാത്തിരിക്കുന്ന സിനിമ പൊന്നിയിന്‍ സെല്‍വത്തിലും വിക്രം വേഷമിടുന്നുണ്ട്. രണ്ട് ഭാഗമായിട്ടായിരിക്കും പൊന്നിയിന്‍ സെല്‍വന്‍ പ്രദര്‍ശനത്തിനെത്തുക. വിക്രമിനൊപ്പം കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Vikram, Karthik Subbaraj to join hands for a Gangster drama