നടന്‍ വിക്രം കര്‍ണനില്‍ നിന്ന് പിന്‍മാറിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ ആര്‍.എസ് വിമല്‍. വിക്രം ചിത്രത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് ആര്‍.എസ് വിമല്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതില്‍ വിക്രമിന്റെ പേരുള്‍പ്പെടുത്തിയിട്ടിരുന്നില്ല. തൊട്ടുപിന്നാലെയാണ് വിക്രം പിന്‍മാറിയെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. സൂര്യപുത്ര മഹാവീര്‍ കര്‍ണ എന്നാണ് ചിത്രത്തിന്റെ പേര്. 

300 കോടി ബജറ്റ് വരുന്ന ചിത്രം വാശു ഭഗ്‌നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 2018 ലാണ് ആര്‍.എസ് വിമല്‍ മഹാവീര്‍ കര്‍ണന്‍ എന്ന പേരില്‍ ചിത്രം പ്രഖ്യാപിക്കുന്നത്. വിമല്‍ തന്നെയാണ് വിക്രം നായകനാകുന്ന വിവരം ഫെയസ്ബുക്കില്‍ പ്രഖ്യാപിച്ചത്. 

പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു കര്‍ണന്‍. പിന്നീട് വിക്രമിനെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുന്നുവെന്ന് വിമല്‍ അറിയിക്കുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയും പുറത്തിറക്കിയിരുന്നു. 

Content Highlights: Chiyaan Vikram Has not opted out of Suryaputra Mahavir Karna says Director RS Vimal, Teaser Release