ചിയാൻ വിക്രമിനെ നായകനാക്കി  കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രമും പ്രധാന വേഷത്തിൽ. വിക്രമിന്റെ കരിയറിലെ 60-ാമത്തെ ചിത്രത്തിന് ചിയാൻ 60 എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ വന്നപ്പോൾ മുതൽ ഈ അച്ഛൻ-മകൻ താരജോഡി ഒന്നിക്കുമോ എന്ന ചർച്ചകളായിരുന്നു.

ചിയാന്റെയും മകന്റെയും അഡാറ് കോമ്പോയ്‌ക്കൊപ്പം കാർത്തിക്കിന്റെ സംവിധാനവും കൂടിച്ചേരുമ്പോഴുള്ള മാസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

ഗാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമ സെവൻ സ്‌ക്രീൻ സ്റ്റൂഡിയോയാണ് നിർമിക്കുന്നത്. അനിരുദ്ധാണ് സം​ഗീത സംവിധാനം. 

ധനുഷ് നായകനായ ജഗമേ തന്തിരമാണ് കാർത്തിക് സുബ്ബരാജിന്റെ ഇറങ്ങാനിരിക്കുന്ന സിനിമ. ലോക്ക്ഡൗണിനെ തുടർന്ന് മേയ് മാസത്തിലെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്.

അതേസമയം കോബ്രയാണ് വിക്രമിന്റെ റിലീസ് കാത്തിരിക്കുന്ന സിനിമ. അജയ് ജ്ഞാനമുത്തുവാണ് സിനിമയുടെ സംവിധാനം. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ വില്ലൻ വേഷത്തിലെത്തുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇർഫാൻ പത്താന്റെ അരങ്ങേറ്റ സിനിമ കൂടിയാണ്. 25 വ്യത്യസ്ത വേഷത്തിലാണ് വിക്രം കോബ്രയിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. ശ്രീനിധി ഷെട്ടിയാണ് നായിക. 

ഇതുകൂടാതെ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവത്തിലും വിക്രം വേഷമിടുന്നുണ്ട്. രണ്ട് ഭാഗമായിട്ടായിരിക്കും പൊന്നിയിൻ സെൽവൻ പ്രദർശനത്തിനെത്തുക. വിക്രമിനൊപ്പം കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Vikram and dhruv in Karthik Subbaraj movie Gangster drama vikram 60th movie Chiyaan 60