വാസന്തി
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ഗായത്രി രഘുറാം നരേന്, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ്, സൂര്യ തുടങ്ങി ഒരു വലിയതാരനിര തന്നെ വേഷമിടുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷതകളിലൊന്ന്. അഭിനേതാക്കളുടെ മികച്ച പ്രകടനവും ശക്തമായ തിരക്കഥയും സംവിധാനവും ഒത്തുചേര്‍ന്നപ്പോള്‍ വിക്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. അതില്‍ എടുത്ത് പറയേണ്ടത്, വാസന്തിയുടെ ഏജന്റ് ടിന എന്ന വേഷമാണ്. പശ്ചാത്തല നര്‍ത്തികയായി സിനിമയിലെത്തി പിന്നീട് സഹനൃത്തസംവിധായികയായി കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി വാസന്തി സിനിമയിലുണ്ട്. അഭിനേത്രിയായി ആദ്യമായി പ്രത്യക്ഷപ്പെട്ട വിക്രമില്‍ ആക്ഷന്‍രംഗങ്ങളില്‍ വാസന്തിയുടെ പ്രകടനം തിയേറ്ററുകളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
ഡാന്‍സ് കൊറിയോഗ്രാഫര്‍ ദിനേശിന്റെ സഹായിയാണ് വാസന്തി. വിജയ് നായകനായ മാസ്റ്റര്‍ സിനിമയ്ക്കു വേണ്ടിയാണ് വാസന്തി ലോകേഷ് കനകരാജിനൊപ്പം ആദ്യമായി പ്രവര്‍ത്തിക്കുന്നത്. അന്ന് വാസന്തിയെ ശ്രദ്ധിച്ച ലോകേഷ് ദിനേശ് മാസ്റ്ററോട് വിക്രമിലെ കഥാപാത്രത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു. പിന്നീട് ഓഡിഷനില്‍ പങ്കെടുക്കുകയും വാസന്തിയെ കഥാപാത്രത്തിനായി തിരഞ്ഞെടുക്കുകയുമായിരുന്നു. 1996 ല്‍ അവ്വെ ഷണ്മുഖി എന്ന കമല്ഹാസന് ചിത്രത്തില്‍ ഗാനരംഗത്തില്‍ പശ്ചാത്തല നര്‍ത്തകരില്‍ ഒരാളായി വാസന്തിയുമുണ്ടായിരുന്നു. തിയേറ്റര്‍ സക്രീനില്‍ തന്റെ മുഖം കാണുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്ന ഒരു ദിനം വരുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ലെന്ന് വാസന്തി പറയുന്നു.
ആദ്യ ഷോട്ട് ഫഹദ് ഫാസിലിനൊപ്പമാണ് ചെയ്തത്. രണ്ട് മൂന്ന് ടേക്ക് എടുത്തിട്ടും ശരിയാകാതെ വന്നപ്പോള്‍ പരിഭ്രമമായി. പക്ഷേ അദ്ദേഹം എന്ന സഹായിച്ചു. പതിനാറ് ദിവസമാണ് ഞാന്‍ വിക്രമിന് വേണ്ടി ചെലവഴിച്ചത്. ആക്ഷന്‍ രംഗം മൂന്ന് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ അന്പ് അറിവ് മാസ്റ്ററെ എത്ര പ്രശംസിച്ചാലും മതിയാകില്ല. എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടണമെന്ന വാശിയിലാണ് ഞാന്‍ അഭിനയിച്ചത്.
ആക്ഷന്‍ രംഗങ്ങള്‍ ചെയ്തതിന് ശേഷം ഒരു റഫ് കട്ട് ഞങ്ങളെ കാണിച്ചിരുന്നു. അത് കണ്ടപ്പോള്‍ കമല്‍ സാര്‍ അടുത്ത് വന്ന് നിങ്ങള്‍ നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ കൈ കൂപ്പി സാറിനോട് നന്ദി പറഞ്ഞു. ഇന്നും അതോര്‍ക്കുമ്പോള്‍ വല്ലാത്ത ആവേശം തോന്നുന്നു- വാസന്തി പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..