-
ഉത്തര്‍ പ്രദേശില്‍ എട്ടുപോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വികാസ് ദുബേ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ചിത്രം നിർമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
സന്ദീപ് കപൂർ നിർമിക്കുന്ന ചിത്രത്തിൽ മനോജ് ബാജ്പേയി വികാസ് ദുബേയേ അവതരിപ്പിക്കുമെന്നായിരുന്നു തുടക്കത്തിൽ വന്ന റിപ്പോർട്ടുകൾ. എന്നാൽ ആ വാർത്തകൾ സത്യമല്ലെന്ന് പറഞ്ഞ് നടൻ രംഗത്ത് വന്നു.
ഉത്തര്‍പ്രദേശിലെ കാൺപുരില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെ എട്ടു പോലീസുകാരെയാണ് വികാസ് ദുബേ കൊലപ്പെടുത്തിയത്. ഒരു കൊലപാതകക്കുറ്റം ആരോപിച്ച് വികാസ് ദുബെക്കെതിരേ കാൻപുർ പോലീസിൽ ഒരു പരാതി നിലവിലുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് പോലീസ് വികാസിനെത്തേടി ഗ്രാമത്തിലെത്തിയത്. വളരെ ആസൂത്രിതമായ രീതിയിൽ, ഗ്രാമത്തിലെ തന്റെ വീടിനുമുന്നിൽ ജെ.സി.ബി. യന്ത്രം സ്ഥാപിച്ചാണ് തന്നെ പിടികൂടാനെത്തിയ പോലീസുകാരെ വികാസ് തടഞ്ഞത്. പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ കത്തിച്ച് തെളിവുനശിപ്പിക്കാൻ ശ്രമിക്കുകയുംചെയ്തു.
മധ്യപ്രദേശിലെ ഉജ്ജയിനില്‍വെച്ച് വ്യാഴാഴ്ച അറസ്റ്റിലായ വികാസ് ദുബേ, വെള്ളിയാഴ്ചയാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ഇയാളുമായി ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനം കാണ്‍പുരില്‍ വെച്ച് മറിഞ്ഞു. അതിന് പിന്നാലെ, പരിക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് ഇയാൾ രക്ഷപ്പെടാന്‍ ശ്രമിച്ചതായി കാണ്‍പുര്‍ വെസ്റ്റ് എസ്.പി. മാധ്യമങ്ങളോടു പറഞ്ഞു. പോലീസ് ദുബെയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനിടെ വികാസ് പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പില്‍ വികാസിന് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചയായും എസ്.പി കൂട്ടിച്ചേർത്തു.
Content Highlights: vikas dubey biopic, manoj bajpai denies doing gangster role
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..