മിഴ്‌നാടിന് വിജയ് വെറുമൊരു നടനല്ല ഒരു വികാരമാണ്. അതുകൊണ്ട് തന്നെയാണ് ഇളയ ദളപതിയെന്നും തലൈവനെന്നും അവര്‍ അഭിമാനപൂര്‍വ്വം വിജയ് എന്ന നടനെ വിളിക്കുന്നത്. തന്റെ 62ാമത്തെ സിനിമയായ സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ച് സമയത്ത് രാഷ്ട്രീയ പ്രവേശത്തെ കുറിച്ച്  സൂചനകള്‍ നല്‍കിയിരിക്കുകയാണ് വിജയ്.

എന്റെ ഹൃദയത്തില്‍  കുടിയിരിക്കും സ്‌നേഹിതരെ എന്ന പറഞ്ഞു കൊണ്ടാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്.
സാധാരണ തിരെഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക എന്നാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുക ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോവുന്നു എന്നാണ് വിജയ് പറഞ്ഞത്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തെപറ്റി ശക്തമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഈ പ്രതികരണം.

സര്‍ക്കാരില്‍ മുഖ്യമന്ത്രിയായാണ് വിജയ് പ്രത്യക്ഷപ്പെടുന്നതെന്ന അഭ്യൂഹത്തെ പറ്റി ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു വിജയ് മറുപടി നല്‍കിയത്. ഇതിനിടയിലാണ് ശരിക്കും മുഖ്യമന്ത്രിയായാല്‍ എന്തുചെയ്യും എന്ന് ആരാധകര്‍ക്കിടയില്‍ നിന്ന് ചോദ്യമുയര്‍ന്നത്. ചോദ്യത്തെ ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് ഏറ്റെടുത്തത്.

മുഖ്യമന്ത്രിയായാല്‍ അഭിനയിക്കില്ല എന്നായിരുന്നു വിജയുടെ മാസ്സ് മറുപടി. മുഖ്യമന്ത്രിയായാല്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യമെന്താണെന്ന ചോദ്യത്തിന് അഴിമതി എന്നായിരുന്നു താരം നല്‍കിയ ഉത്തരം. അത് മാറ്റാന്‍ എളുപ്പമല്ലെന്നും അത് വൈറസ് പോലെ പടര്‍ന്നിരിക്കുകയാണെന്നും വിജയ് പറഞ്ഞു. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ കൈക്കൂലി വാങ്ങാതിരുന്നാല്‍ താഴേക്കിടയിലുള്ളവരും കൈക്കൂലി വാങ്ങില്ലെന്നും ഒരു നേതാവ് നന്നായാല്‍ സ്വാഭാവികമായും പാര്‍ട്ടി നന്നാവുമെന്നും അദ്ദേഹം പറഞ്ഞു. വിജയുടെ പ്രസംഗം തീരുന്നതു വരെ സദസ്സില്‍ നിറഞ്ഞ കൈയടിയായിരുന്നു.

വിജയുടെ രാഷ്ട്രീയപ്രവേശത്തെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പ്രതികരണത്തെ ആകാംഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. ആയിരക്കണക്കിന് ആരാധകര്‍ ഒത്തുചേര്‍ന്ന വേദിയിലാണ് ഓഡിയോ ലോഞ്ച് നടന്നത്. സംവിധായകന്‍ എ.ആര്‍  മുരുഗദോസ് -വിജയ് കൂട്ടുക്കെട്ടില്‍ ഇറങ്ങുന്ന മൂന്നാമത്തെ സിനിമയാണ് സര്‍ക്കാര്‍.

ContentHighlights: Actor vijay about his poliyical career, sarkar movie audio launch, vijay, ar murugadoss, ar rahman, keerthy suresh, varalakshmi