വിജയ് യേശുദാസ് | ഫോട്ടോ: ടൂണസ് | മാതൃഭൂമി
ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. ചലച്ചിത്രലോകത്തുനിന്ന് തനിക്ക് നേരിട്ട ചില തിരിച്ചടികളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ്. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവേയായിരുന്നു വിജയ് യേശുദാസിന്റെ തുറന്നുപറച്ചിൽ.
ദ ന്യൂ ട്യൂൺ: സിംഗിംഗ് എ ഫ്രെഷ് സോംഗ് എന്ന വിഷയത്തിൽ സംസാരിക്കവേയാണ് തനിക്കുനേരിട്ട തിരിച്ചടികളേക്കുറിച്ച് വിജയ് യേശുദാസ് സംസാരിച്ചത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ-1 ൽ നിന്ന് തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്നും ബോളിവുഡിൽ താൻ പാടിയ ഗാനം വേറൊരാളെ വെച്ച് പാടിച്ച് സിനിമയിലുപയോഗിച്ചെന്നും വിജയ് യേശുദാസ് പറഞ്ഞു.
"ഞാൻ പാടിയ ഗാനം വേറൊരാളെക്കൊണ്ട് പാടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് അക്ഷയ് കുമാർ നായകനായ റൗഡ് റാഥോർ എന്ന ചിത്രത്തിനുവേണ്ടി ഞാനൊരു ഗാനം ആലപിച്ചിരുന്നു. ചെന്നൈയിൽ ഒരു ഗാനം റെക്കോർഡ് ചെയ്തുകൊണ്ടിരിക്കവേ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്ഷൻസിൽ നിന്ന് ഒരു ഫോൺകോൾ വന്നു. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവെച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോർഡ് ചെയ്തു എന്നാണ് അവർ അറിയിച്ചത്. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നു, അതുകൊണ്ട് കുഴപ്പമില്ല എന്ന അവസ്ഥയിലായിരുന്നു ഞാൻ." വിജയ് യേശുദാസ് ഓർമിച്ചു.
പൊന്നിയിൻ സെൽവനിൽ അവസരം ലഭിച്ച സംഭവവും അദ്ദേഹം വെളിപ്പെടുത്തി. "പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അപ്രതീക്ഷിതവും അതിശയകരവുമായ അനുഭവമായിരുന്നു അത്. ഞാനഭിനയിച്ച രണ്ടാമത്തെ തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകൻ ധന ശേഖരൻ ആയിരുന്നു പൊന്നിയിൻ സെൽവനിൽ മണി സാറിന്റെ അസോസിയേറ്റ് ഡയറക്ടർ. നെഗറ്റീവ് ഷെയ്ഡുള്ള ഒരു വേഷത്തേപ്പറ്റി അദ്ദേഹം മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നു. പക്ഷേ അതെനിക്ക് കിട്ടുമോ എന്നറിയില്ലായിരുന്നു. ഒരിക്കൽ റെക്കോർഡിങ്ങിന് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുമ്പോൾ അസോസിയേറ്റ് ഡയറക്ടർ വിളിച്ചിട്ട് മണിസാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാനും പറഞ്ഞു."
"ഞാൻ നേരെ രാജാമുൻഡ്രിയിലേക്ക് ചെന്നു. ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് ചിത്രീകരണം. പ്രൊഡക്ഷൻ ടീമിൽ നിന്ന് വിളിച്ച് തല മൊട്ടയടിക്കേണ്ടിവരുമെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. കോസ്റ്റ്യൂമിൽ നിർത്തി ചിത്രങ്ങളെടുത്ത് മണിരത്നം സാറിന് കൊടുത്തു. അദ്ദേഹത്തിനും ഓ.കെ ആയതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനുശേഷം ഞാൻ തിരിച്ചുപോന്നു. ഒരുമാസത്തിനുശേഷം അവരെന്നെ ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. വിക്രം സാറിനും കുതിരസവാരി രംഗം തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ പിന്നീട് ഞാനാ ചിത്രത്തിൽ ഉണ്ടാവാതിരുന്നതിൽ ധന ശേഖർ അപ്സെറ്റ് ആയിരുന്നു." പക്ഷേ ഇതെല്ലാം വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നെന്നും വിജയ് യേശുദാസ് കൂട്ടിച്ചേർത്തു.
Content Highlights: vijay yesudas about ps 1, vijay on how slb productions replaced his voice from rowdy rathore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..