ചെന്നെെ: നടന്‍ വിജയുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ വിജയുടെ പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കി. 'അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്നാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി നല്‍കിയ പേര്. എന്നാല്‍ പാര്‍ട്ടിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വിജയ് വാര്‍ത്താക്കുറിപ്പ് ഇറക്കി.

വിജയുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ ജനറല്‍ സെക്രട്ടറിയും അമ്മ ട്രഷററും അടുത്ത ബന്ധമുള്ള പത്മനാഭന്‍ പ്രസിഡന്റുമായാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചത്. 27 വര്‍ഷമായുള്ള വിജയ് മക്കള്‍ ഇയക്കം എന്ന ആരാധക സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി റജിസ്റ്റര്‍ ചെയ്യുക മാത്രമാണ് ഇപ്പോള്‍ ചെയ്തതെന്ന് എസ്എ ചന്ദ്രശേഖര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടിയും വിജയും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വിജയുടെ ആരാധകര്‍ക്ക് കുറച്ചുകൂടി പരിഗണന ലഭിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പാര്‍ട്ടിയുമായി തനിക്ക് നേരിട്ടും അല്ലാതെയും ഒരു ബന്ധവും ഇല്ല എന്ന് വിജയ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. തന്റെ ആരാധകര്‍ പാര്‍ട്ടിയില്‍ ചേരേണ്ടതില്ല. അവിടെപ്പോയി പ്രവര്‍ത്തിക്കുകയും വേണ്ട. തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വിജയ് പറഞ്ഞു. 

Content Highlights: Vijay To enter politics father summitted request to election commission, Akhilendia thalapathy vijay Makkal Iyakkam, Vijay Fans, SA chandrasekhar, Sobha chandrasekhar