ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയില്‍ നിന്ന് വിജയ് സേതുപതി പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍  വിജയ് സേതുപതി മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരേ തമിഴകത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എതിര്‍പ്പുകള്‍ വന്നിരുന്നുവെന്നും ശ്രീലങ്കയിലുള്ള തമിഴ് വംശജരോടുള്ള ആദരവിനെത്തുടര്‍ന്നാണ് താരം പിന്മാറിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സേതുപതിയോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ലോകമെമ്പാടും വ്യക്തിമുദ്ര പതിപ്പിച്ച തമിഴ് വംശജനായ കായിക താരമാണ് മുത്തയ്യ മുരളീധരന്‍ എന്നും അദ്ദേഹത്തിന്റെ  ബയോപിക്കുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും നേരത്തെ വിജയ് സേതുപതി പ്രതികരിച്ചിരുന്നു.

'മുരളിയെ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. മുരളി നേരിട്ട് തന്നെ ചിത്രവുമായി സഹകരിക്കുമെന്നതും ക്രിക്കറ്റുമായി ബന്ധപ്പെട്ട് എനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുമെന്നും ഉള്ളതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് മുരളിയോടും ചിത്രത്തിന്റെ നിര്‍മാതാക്കളോടും എനിക്ക് നന്ദിയുണ്ട്'-വിജയ് സേതുപതി പറഞ്ഞു. 

തന്റെ ജീവചരിത്ര സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നതില്‍ താന്‍ അതീവ സന്തോഷവാനാണെന്ന് മുത്തയ്യ മുരളീധരനും വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ നേടിയ 800 വിക്കറ്റിനെ സൂചിപ്പിക്കുന്നതാണ് ശ്രീപതി രംഗസ്വാമിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരിനാധാരം.

ഡാര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നത്.

Content Highlights : Vijay Sethupathi walks out of 800 biopic on cricketer Muttiah Muralitharan