ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുള്ള താരമാണ് നടന്‍ വിജയ് സേതുപതി. സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തില്‍ ശില്‍പ എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിക്കുകയും ചെയ്തിരുന്നു താരം. 

ഇക്കഴിഞ്ഞ സ്വാതന്ത്രൃ ദിനത്തില്‍ ഈ പിന്തുണ വീണ്ടും ഊട്ടിയുറപ്പിച്ചിരിക്കുകയാണ് മക്കള്‍ സെല്‍വന്‍. രാജ്യം 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയില്‍ ചെന്നൈയിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ഒരു റെക്കോര്‍ഡിന്റെ ഭാഗമാകാന്‍ ഒരുങ്ങിയപ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കാനെത്തിയത് വിജയ് സേതുപതിയാണ്. 

100 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ചേര്‍ന്ന് 7000 സ്‌ക്വയര്‍ ഫീറ്റുള്ള അംബേദ്കറുടെ ചിത്രം വരച്ചാണ് സ്വാതന്ത്രൃ ദിനം ആഘോഷിച്ചത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള ഈ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായാണ് വിജയ് സേതുപതി എത്തിയത്.

റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള തങ്ങളുടെ പരിശ്രമത്തിന് പിന്തുണ അറിയിച്ചെത്തിയ സേതുപതിക്ക് പരിപാടിയുടെ സംഘാടകര്‍ നന്ദി അറിയിച്ചു. ലിംഗസമത്വത്തെ കുറിച്ച് ആദ്യമായി സംസാരിച്ചയാള്‍ എന്ന നിലയ്ക്കാണ് അംബേദ്കറുടെ ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Content Highlights: Vijay Sethupathi support transgenders to create a world record