കഴിഞ്ഞ കുറച്ചു കാലങ്ങളായി തമിഴ് സിനിമാ ലോകത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ പലതും വിവാദങ്ങളുടെ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കയാണ്. ഏറ്റവും ഒടുവിലായി ഇപ്പോള്‍ റിലീസിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിജയ് സേതുപതി മുഖ്യ വേഷത്തിലെത്തുന്ന ചിത്രം സീതാകാതിയ്‌ക്കെതിരെയും പരോക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ചിത്രത്തിന്റെ ടൈറ്റിലിനെതിരെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലീഗാണ് രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടിയുടെ ജില്ലാ നേതാക്കളാണ് ചിത്രത്തിന്റെ ടൈറ്റിലായി ഉപയോഗിച്ചിരിക്കുന്ന പേരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തമിഴ് നാട്ടിലെ കീഴാക്കാരൈ എന്ന പ്രദേശത്ത് 1650കളില്‍ ജീവിച്ചിരുന്ന വലിയ മനുഷ്യസ്‌നേഹിയും കവിയും പണ്ഡിതനുമായിരുന്നു സീതാകാതി. മുസ്ലിം മതവിഭാഗത്തില്‍ പ്പെട്ട അദ്ദേഹത്തിന്റെ ആദ്യപേര് ഷെയ്ഖ് അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു. ജനങ്ങള്‍ക്കായി അദ്ദേഹം നടത്തിയ സേവനങ്ങള്‍ കൊണ്ട് അക്കാലത്ത് ഏവര്‍ക്കും പ്രിയങ്കരനും ആരാധനാമൂര്‍ത്തിയുമായിരുന്നു അദ്ദേഹം. ഒരു പക്കാ എന്റര്‍ടെയിന്‍മെന്റ് ചിത്രത്തിന് അദ്ദേഹത്തെ പോലെ വലിയൊരു വ്യക്തിയുടെ പേര് വക്കുന്നതു തന്നെ ശിക്ഷാര്‍ഹമാണ്. സമൂഹത്തില്‍ ഏറെ പ്രധാനിയായ ഒരു വ്യക്തിയുടെ പ്രതിഛായയെ ബാധിക്കുന്ന രീതിയിലുള്ള ഒന്നും അനുവദിക്കാനാവില്ല എന്നതിനാല്‍ പേരു മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചിരിക്കുകയാണ്. അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ നിയമപരമായി തന്നെ മുമ്പോട്ടു പോകാനാണ് നേതാക്കന്‍മാരുടെ തീരുമാനം.
വിജയ് സേതുപതി മൂന്ന് വ്യത്യസ്ത ലുക്കുകളിലെത്തുന്ന ചിത്രം ബാലാജി തരണീതരന്‍ ആണ് സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ടെക്‌നീഷ്യന്‍ കെവിന്‍ ഹെനി ആണ് ചിത്രത്തിനായി വിജയ്‌യുടെ വ്യത്യസ്ത പ്രായത്തിലുള്ള മേയ്ക്ക് ഓവറുകള്‍ സൃഷ്ടിച്ചെടുത്തത്. ഈ വര്‍ഷം പുറത്തിറങ്ങിയ 96, ചിക്ക ചിവന്ത വാനം എന്നീ ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം വിജയ് സേതുപതിയുടെ മാസ് ലുക്കും അഭിനയവും കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlights : Vijay Sethupathi starrer Seethakathi receives criticisms on its title, vijay sethupathi films, seethakathi release date, seethakathi tamil film, Indian National leauge