ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി. വിഷയത്തില്‍തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഗവര്‍ണര്‍ക്കു കത്തയച്ചു. ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചതും കത്തില്‍ ചൂണ്ടിക്കാട്ടി.

'സുപ്രീംകോടതി വിധിയെ മാനിച്ച് പേരറിവാളനെ വെറുതെ വിടണമെന്ന് അഭ്യര്‍ഥിക്കുന്നു. അര്‍പ്പുതമ്മാളിന്റെ (പേരറിവാളന്റെ മാതാവ്) 29 വര്‍ഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.' വിജയ് സേതുപതി ഫേസ്ബുക്ക് വിഡിയോയിലൂടെ ആവശ്യപ്പെട്ടു

കേസില്‍ നേരിട്ടു പങ്കില്ലാതിരുന്നിട്ടും കഴിഞ്ഞ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്നു വിജയ് സേതുപതിയെ കൂടാതെ സംവിധായകരായ ഭാരതിരാജ, വെട്രിമാരന്‍, അമീന്‍, പാ രഞ്ജിത്, പൊന്‍വണ്ണന്‍, മിഷ്‌കിന്‍, നടന്‍മാരായ സത്യരാജ്, പ്രകാശ് രാജ്, എന്നിവര്‍ ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധി വധത്തെ തുടര്‍ന്ന് തന്റെ പത്തൊന്‍പതാമത്തെ വയസ്സിലാണ് പേരറിവാളന്‍ അറസ്റ്റിലാകുന്നത്. കേസില്‍ ആദ്യം വധശിക്ഷ ലഭിച്ചുവെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്തു. കേസിലെ മറ്റു പ്രതികളായ മുരുകന്‍, ശാന്തന്‍ എന്നിവരോടൊപ്പമാണ് പേരറിവാളനും ജയിലില്‍ കഴിയുന്നത്. 

Content Highlights: Vijay Sethupathi request for the Release of A G Perarivalan Rajiv Gandhi Assassination Convicted