രാണ് നല്ലത്, ആരാണ് കെട്ടത് എന്നത് വലിയൊരു ചോദ്യമാണ്. ഈ ചോദ്യമാണ് വിക്രംവേദയില്‍ ഒരു കഥൈ സൊല്ലട്ടുമാ എന്നു പറഞ്ഞ് വിജയ് സേതുപതി മാധവനോട് ചോദിച്ചുകൊണ്ടിരുന്നത്. ഇതുപോലുള്ള മറ്റൊരു ചോദ്യവുമായി വിജയ് സേതുപതി വീണ്ടും വരികയാണ്.

നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്ന ചിത്രത്തില്‍ കൂടുതല്‍ സങ്കീര്‍ണവും ഒരു പക്ഷേ, വലിയ വിവാദങ്ങള്‍ക്കും രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും വഴിവച്ചേക്കാവുന്നതുമായ കടുപ്പമേറിയ ചോദ്യമാണ് വിജയ് സേതുപതി ചോദിക്കുന്നത്. ആരാണ് നല്ലത്. രാമനോ രാവണനോ. ഈ ചോദ്യമാണ് ചിത്രത്തിന്റെ ടീസറിന്റെ ഹൈലൈറ്റ്.

'രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയി. എന്നാല്‍, ഒന്ന് തൊടുക പോലും ചെയ്തില്ല. സുരക്ഷിതയായി പാര്‍പ്പിച്ചു-എന്നിട്ടും നമ്മള്‍ രാക്ഷസനെന്നാണ് വിളിക്കുന്നത്. സീതയെ രക്ഷിച്ച രാമന്‍ സംശയത്തിന്റെ പേരില്‍ അവരെ അഗ്‌നിപരീക്ഷയ്ക്ക് വിധേയയാക്കി. എന്നാല്‍, നമ്മള്‍ രാമനെ ദൈവമെന്നാണ് വിളിക്കുന്നത്. അതുകൊണ്ട് ആരാണ് ചീത്ത ആള്‍. രാമനോ രാവണനോ'-ഇതാണ് വിജയ് സേതുപതിയുടെ കഥാപാത്രം ടീസറില്‍ ചോദിക്കുന്നത്. രാമനാണ് നല്ലവനെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മറ്റു ചിലര്‍ രാവണനുവേണ്ടിയും ശബ്ദമുയര്‍ത്തുന്നുണ്ട് ടീസറില്‍. ഇതിനെ ചൊല്ലി വലിയ വാഗ്വാദം തന്നെയുണ്ട് ഇവര്‍ തമ്മില്‍.

കൊമ്പുള്ള കിരീടം ധരിച്ച രാവണന്റേത് ഉള്‍പ്പടെ പല വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട് വിജയ് സേതുപതി ഈ ടീസറില്‍.

ചിത്രത്തിന്റെ പ്രേമയം സംബന്ധിച്ച വിവരമൊന്നുമില്ലെങ്കിലും യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് വീഡയോയ്ക്ക് താഴെ രാഷ്ട്രീയ വാഗ്വാദങ്ങളും ആരംഭിച്ചിട്ടുണ്ട്. രാവണനെ മഹത്വവത്കരിച്ച് രാമനെ ഇകഴ്ത്താനാണ് ശ്രമമെന്ന് ചിലര്‍ കമന്റിട്ടുകഴിഞ്ഞു. ചിത്രം വിവാദമാക്കി ബി.ജെ.പി. അതിന്റെ പ്രചരണം ഏറ്റെടുക്കുമെന്ന് ഉറപ്പാണെന്ന് ചില പരിഹസിക്കുന്നുണ്ട്. ചിത്രം ഹിറ്റാക്കാനുള്ള വില കുറഞ്ഞ തന്ത്രമാണ് അണിയറക്കാര്‍ പയറ്റുന്നതെന്ന വിമര്‍ശനവുമുണ്ട്.

ഗൗതം കാര്‍ത്തിക്, നിരാഹാരിക കൊണിഡെല എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് അറുമുഖ കുമാറാണ്. ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlights: Vijay Sethupathi Oru Nalla Naal Paathu Solren Vikram Vedha Tamil Movie Kollywood, Rama or Ravana Ramayana, Good And Bad, Ramayanam