ലോകേഷ് കനകരാജ് ഒരുക്കുന്ന കമൽഹാസൻ ചിത്രത്തിൽ വിജയ് സേതുപതിയും വേഷമിടുന്നുവെന്ന് റിപ്പോർട്ടുകൾ. ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിൽ ഒരു പ്രധാന വേഷം കെെകാര്യം ചെയ്യുന്നത് വിജയ് സേതുപതിയാണ്. കമലിനൊപ്പം അഭിനയിക്കാനുള്ള ആ​ഗ്രഹം വിജയ് സേതുപതി നേരത്തേ വ്യക്തമാക്കിയിരുന്നു.

 'മറ്റൊരു യാത്ര തുടരുന്നു'വെന്ന കുറിപ്പോടെ കമൽഹാസൻ തന്നെയാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. 'ഒരിക്കൽ അവിടെയൊരു പ്രേതമുണ്ടായിരുന്നു...'എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

കമൽഹാസന്റെ 232-ാമത്തെ ചിത്രമാണിത്. അദ്ദേഹത്തിന്റെ തന്നെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. അടുത്ത വർഷം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 

ലോകേഷിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കാർത്തി നായകനായെത്തിയ കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തോടെ തമിഴിലെ മുൻനിര സംവിധായക നിരയിലേക്ക് ഉയർന്ന സംവിധായകനാണ് ലോകേഷ്. വിജയിനെ നായകനാക്കി ഒരുക്കിയ മാസ്റ്ററാണ് ലോകേഷ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ഇക്കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ. മാളവിക മോഹനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 

Content Highlights: Vijay Sethupathi in Kamal-Lokesh Kanagaraj movie says reports