ഹെെന്ദവ വിശ്വാസങ്ങളെ അപമാനിച്ചെന്ന ആരോപണത്തില്‍ നടന്‍ വിജയ്‌ സേതുപതിക്കെതിരേ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന സംഭവത്തിൽ പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണൻ. അമ്പലത്തിലെ ആരാധനകൾ പവിത്രമാണെന്ന് കരുതുന്നവർക്ക് അവരുടെ വിശ്വാസത്തെക്കുറിച്ച് സംസാരിച്ചാൽ വേദനിക്കും. ആരും മറ്റു മതങ്ങളിലെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ ധെെര്യപ്പെടുകയില്ല. അതും ഞാൻ സമ്മതിക്കുന്നു. എന്നാൽ ഏത് സാഹചര്യത്തിലാണ് അദ്ദേഹം പറഞ്ഞത് എന്ന് നോക്കൂ. എന്നിട്ട് നി​ഗമനത്തിലെത്തു- സേതുപതിയെ പിന്തുണച്ച് ലക്ഷി രാമകൃഷ്ണൻ ട്വീറ്റ് ചെയ്തു.

ഒരു വര്‍ഷം മുമ്പ് ഒരു ചാനലില്‍ സംപ്രേഷണം ചെയ്ത 'നമ്മ ഊരു ഹീറോ' എന്ന ടിവി ഷോയില്‍ സേതുപതി പറഞ്ഞ പരാമര്‍ശമാണ് ഇപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ ദൈവത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു നടന്‍ പരിപാടിയില്‍ സംസാരിച്ചത്. 

ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ സ്‌നാനം ചെയ്യിക്കുന്നത് ഭക്തരെ കാണിക്കുമെന്നും, എന്നാല്‍ വസ്ത്രം ധരിപ്പിക്കുമ്പോള്‍ തുണികൊണ്ടു മറച്ചിടും എന്നായിരുന്നു സേതുപതി പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടന്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് സൈബര്‍ ആക്രമണം തുടങ്ങി. ട്വിറ്ററില്‍ വിജയ് സേതുപതിക്കെതിരായ കാമ്പെയിനും ആരംഭിച്ചു. പരാമര്‍ശത്തിന്റെ പേരില്‍ തൃശ്ശിനാപള്ളി ആസ്ഥാനമായ ആള്‍ ഇന്ത്യ ഹിന്ദു സഭ വിജയ്‌ സേതുപതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം നടന് പിന്തുണയുമായും നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. #WeSupportVijaySethupathi എന്ന ഹാഷ്​ടാഗ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങാണ്.

സെെബർ ആക്രമണം രൂക്ഷമായതോടെ വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഒരു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത പരിപാടിയിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഒരുവിഭാഗം ആളുകള്‍ നടനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതായി പരാതിയില്‍ പറയുന്നു. ക്രേസി മോഹന്‍ എന്താണോ പറഞ്ഞത് അത് ആവര്‍ത്തിക്കുക മാത്രമാണ് നടന്‍ ചെയ്തതെന്നും പരാതിയിൽ പറയുന്നു. 

Content Highlights: vijay sethupathi controversy, ,lakshmi ramakrishnan